സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം: കാന്തപുരം

0 801

 

കോഴിക്കോട്: കൊവിഡ് 19 രോഗവ്യാപനം തടയാനായി സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.

വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിന് യാത്രക്കാര്‍, രോഗികള്‍, കുട്ടികള്‍, സ്ത്രീകള്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ക്ക് പങ്കെടുക്കല്‍ നിര്‍ബന്ധമില്ല. രോഗഭീതിയുണ്ടാവുന്ന അവസ്ഥയും ഒരാള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കാതിരിക്കാനുള്ള ന്യായങ്ങളിലൊന്നാണ്.

യാത്രക്കാരും രോഗപ്രസരണത്തിന് സാധ്യതയുള്ളവരും കൂടുതലായി സംഗമിക്കുന്ന നഗരങ്ങളിലെ പള്ളികള്‍ നിലവിലെ സാഹചര്യത്തില്‍ ഒരാള്‍ക്ക് രോഗഭീതിയുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലമായി ഗണിക്കാം.
ഗ്രാമപ്രദേശങ്ങളിലുള്ള ആരാധനാലയങ്ങളില്‍ അപരിചിതരും യാത്രകഴിഞ്ഞെത്തിയവരും ജുമുഅക്ക് പങ്കെടുക്കാത്ത സാഹചര്യമാണ് പൊതുവായി നിലനില്‍ക്കുന്നത് എന്നതിനാല്‍ വളരെ ലളിതമായി മാത്രം അവിടങ്ങളില്‍ ജുമുഅ നടത്തേണ്ടതാണ്- കാന്തപുരം പറഞ്ഞു.