ജലജീവന്‍ മിഷന്‍: ധര്‍മ്മടം മണ്ഡലത്തിലെ  പ്രവൃത്തി ഉദ്ഘാടനം ഇന്ന്

0 209

ജലജീവന്‍ മിഷന്‍: ധര്‍മ്മടം മണ്ഡലത്തിലെ  പ്രവൃത്തി ഉദ്ഘാടനം ഇന്ന്

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ടാപ്പ് വഴി കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ധര്‍മ്മടം മണ്ഡലം തല ഉദ്ഘാടനം വ്യാഴാഴ്ച (ഒക്ടോബര്‍ 8 ) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 3.30ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് തെക്കുന്നുമ്പ്രം സാംസ്‌ക്കാരിക നിലയത്തില്‍ ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനാകും. 79.71 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
ധര്‍മ്മടം നിയോജക മണ്ഡലത്തില്‍പ്പെട്ട എട്ട് പഞ്ചായത്തുകളും ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവിടുത്തെ 51034 വീടുകളില്‍ 16082 വീടുകളിലാണ് ശുദ്ധജല കണക്ഷനുള്ളത്. ബാക്കിയുള്ള 34952 വീടുകളിലാണ് പദ്ധതിയിലൂടെ കുടിവെള്ള ടാപ്പ് കണക്ഷന്‍ നല്‍കുക. ധര്‍മ്മടം ഗ്രാമ പഞ്ചായത്തില്‍ ധര്‍മ്മടം ശുദ്ധജല വിതരണ പദ്ധതിയുടെയും അഞ്ചരക്കണ്ടി, പെരളശേരി, വേങ്ങാട്, പിണറായി, കടമ്പൂര്‍, മുഴപ്പിലങ്ങാട്, ചെമ്പിലോട് പഞ്ചായത്തുകളില്‍ അഞ്ചരക്കണ്ടി – പെരള ശുദ്ധജല വിതരണ പദ്ധതിയുടെയും വിതരണ ശൃംഖലയില്‍ നിന്നും ആവശ്യമുള്ള സ്ഥലങ്ങളില്‍ വിതരണ ശൃംഖല നീട്ടിയുമാണ് വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ 10 ശതമാനമാണ് ഗുണഭോക്തൃ വിഹിതം.  2024 നുള്ളില്‍ സംസ്ഥാനത്ത് 50 ലക്ഷത്തോളം കണക്ഷനുകള്‍ പുതുതായി നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ നിലവില്‍ ശുദ്ധജല കണക്ഷന്‍ ലഭ്യമല്ലാത്ത 360804 വീടുകള്‍ക്കാണ് പദ്ധതിയിലൂടെ കണക്ഷന്‍ ലഭിക്കുക. 48 പഞ്ചായത്തുകളിലെ പദ്ധതികള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ 46 പഞ്ചായത്തുകളില്‍ കേരള വാട്ടര്‍ അതോറിറ്റിക്കും രണ്ട് പഞ്ചായത്തുകളില്‍ ജലനിധിക്കുമാണ് ചുമതല.
ഉദ്ഘാടന ചടങ്ങില്‍ എം പി മാരായ കെ സുധാകരന്‍, കെ കെ രാഗേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.