മഞ്ഞപ്പിത്തം: ജാഗ്രത വേണമെന്ന് ഡിഎംഒ
ജില്ലയുടെ പല ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
കുടിവെള്ളം, ആഹാര സാധനങ്ങള്‍ എന്നിവ വഴി പകരുന്ന ‘എ’ വിഭാഗം മഞ്ഞപ്പിത്തമാണ് കൂടുതലായി കണ്ടുവരുന്നത്. കുഞ്ഞുങ്ങളില്‍ ഇത് അത്ര ഗുരുതരമാവാറില്ലെങ്കിലും പ്രായപൂര്‍ത്തിയായവരില്‍ പലപ്പോഴും ഗൗരവതരമാകാറുണ്ട്. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് ദിവസങ്ങളെടുക്കും. എ, ഇ വിഭാഗങ്ങളില്‍ പെട്ട മഞ്ഞപ്പിത്തത്തിന് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 15 ദിവസം മുതല്‍ 50 ദിവസം വരെ ആയേക്കാം. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍:
1) ആഹാര ശുചിത്വം
ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല്‍ ഒഴിവാക്കി കഴിവതും മുലപ്പാല്‍ നല്‍കാന്‍ ശ്രമിക്കുക.
2) ശുദ്ധമായ കുടിവെള്ളം
കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക. കിണറിന് ആള്‍മറ കെട്ടി കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക. കിണര്‍വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്യുക.
3) വ്യക്തി ശുചിത്വം
ആഹാരം കഴിക്കുതിനുമുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. മലവിസര്‍ജനത്തിനുശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. കുഞ്ഞുങ്ങളുടെ കയ്യിലെ നഖം വൃത്തിയായി സൂക്ഷിക്കുക
4) പരിസര ശുചിത്വം
തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ പ്രത്യേക സ്ഥലങ്ങളില്‍ കളയുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.