കണ്ണൂര്‍: സ്പോര്‍ട്‌സ് താരങ്ങളുടെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ തുടങ്ങുന്ന ഫിറ്റ്‌നസ് സെന്ററുകളില്‍ ഒന്ന് ജില്ലയില്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ത്രിദിന അന്തര്‍ദേശീയ സ്പോര്‍ട്‌സ് എക്സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കായികപ്രതിഭകള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി മികച്ച കായികാന്തരീക്ഷം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഫിറ്റ്‌നസ് സെന്ററിലൂടെ താരങ്ങള്‍ക്ക് ഇത് സാധ്യമാകും. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്‌സ് സ്കൂള്‍ മാതൃകയില്‍ കണ്ണൂരില്‍ സ്പോര്‍ട്‌സ് സ്കൂള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.