കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് കൈഞരന്പ് മുറിച്ചാണു ജോളി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
കോഴിക്കോട് ജില്ലാ ജയിലിലെ വനിതാ കുറ്റവാളികള്‍ക്കായുള്ള സെല്ലിലാണ് ജോളിയെ പാര്‍പ്പിച്ചിരുന്നത്. 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആറു സെല്ലുകളാണുള്ളത്. 10 കുറ്റവാളികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരെ രണ്ടു സെല്ലുകളിലായാണ് പാര്‍പ്പിച്ചിരുന്നത്.
ആദ്യത്തെ സെല്ലിലാണ് ജോളിയെ അടച്ചിട്ടുള്ളത്. ഇതില്‍ ജോളി അടക്കം ആറുപേരാണുള്ളത്. ജയിലില്‍ എത്തിയ നാളുകളില്‍ ആത്മഹത്യാപ്രവണത കാണിച്ചതിനെതുടര്ന്നാണു കൂടുതല്‍ പേരുള്ള സെല്ലിലേക്കു ജോളിയെ മാറ്റിയത്.