പുൽപള്ളി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനിരയായവരിൽ പത്തോളം വയനാട്ടുകാരും. തട്ടിപ്പ് നടത്തിയ കോട്ടയം സ്വദേശി ടിസൻ കുരുവിള അറസ്റ്റിലായതോടെയാണ് കൂടുതൽ ആളുകൾക്കും പണം നഷ്ടമായിട്ടുണ്ടെന്നുള്ള വിവരം പുറത്തുവരുന്നത്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ജോലി വാഗ്ദാനംചെയ്ത് കോട്ടയം പാമ്പാടി സ്വദേശി ലക്ഷങ്ങൾ പലരിൽനിന്നും തട്ടിയെടുത്തതായാണ് കേസ്. കാനഡയിലേക്ക് ജോലിക്ക് പോവുകയാണെന്നും അവിടെ നിർമാണ കമ്പനിയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പുൽപള്ളി പാടിച്ചിറ കാഞ്ഞിരത്തിങ്കൽ ജിൻസൺ ആന്റണിക്ക് ആറു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കാനഡയിലെ കമ്പനി ആപ്പിൾ പാക്കിങ് യൂനിറ്റിലേക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ വരെ ശമ്പളം നൽകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏഴുപേർ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. ഡൽഹിയിലും പഞ്ചാബിലുമുള്ള അക്കൗണ്ടുകളിലേക്ക് പണം അയക്കാനായിരുന്നു ആളുകളോട് ആവശ്യപ്പെട്ടത്. ഒറ്റത്തവണയായും പലപ്പോഴുമായാണ് ആളുകളിൽ നിന്ന് പണം വാങ്ങിയെടുത്തത്.
പറഞ്ഞ സമയത്ത് വിസ നൽകാതെ പല അവധികൾ മാറ്റിപ്പറയുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് കബളിപ്പിക്കപ്പെട്ടതായി സംശയിക്കപ്പെട്ടത്. കമ്പനിയുടേത് എന്ന് പറഞ്ഞ് നൽകിയ രേഖകൾ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.