വിടവാങ്ങിയത് മലയോരത്തെ വോളിബോളിന്റെ സ്നേഹിതൻ ജോസ് വെള്ളച്ചാലിൽ

0 1,040

കൊട്ടിയൂർ: വിടവാങ്ങിയത് മലയോരത്തെ വോളിബോളിന്റെ സ്നേഹിതൻ ജോസ് വെള്ളച്ചാലിൽ. മലയോര മേഖലയിൽ പ്രത്യേകിച്ച് പേരാവൂർ കേളകം കൊട്ടിയൂർ മേഖലയിൽ വോളിബോളിന് ജനകീയ മുഖം നൽകിയ കായിക പ്രതിഭയാണ് വിടവാങ്ങിയത്. മട്ടന്നൂർ പിആർ എൻഎസ്എസ് കോളേജിലെ വോളിബോൾ ടീം അംഗമായാണ് വോളിബോൾ രംഗത്തേക്ക് ജോസ് വെള്ളച്ചാലിൽ എത്തുന്നത്. തുടർന്ന് മലയോര മേഖലയിലെ വിവിധ ക്ലബ്ബുകളിലെ മികച്ച സെറ്റർ ആയിരുന്നു ജോസ് വെള്ളച്ചാലിൽ. കണ്ണൂർ ജില്ലാ വോളിബോൾ അസോസിയേഷൻറെ ദീർഘകാലം സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.

മലയോരമേഖലയിൽ ആദ്യമായി സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തിയതിന്റെ മുഖ്യ സംഘാടകൻ ജോസ് വെള്ളച്ചാലിലായിരുന്നു. പിന്നീട് കണ്ണൂർ ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പ്, ഉത്തര ഇന്ത്യ വോളിബോൾ ചാമ്പ്യൻഷിപ്പ്, ഓൾ ഇന്ത്യ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയ വോളിബോൾ മത്സരങ്ങൾ മലയോര മേഖലയിൽ നടത്തിയതിന്റെ മുഖ്യ സംഘാടകനുമായി. ഓരോ ടൂർണ്ണമെൻറ് കഴിയുമ്പോഴും ലക്ഷങ്ങളുടെ ബാധ്യത ഉണ്ടാകുമായിരുന്നെങ്കിൽ പോലും വോളിബോളിലെ അദ്ദേഹം നെഞ്ചിലേറ്റിരുന്നു. കേളകം യങ്ങ് ചലഞ്ചേഴ്സ് ടീമിൻറെ മാനേജരും കോച്ചുമായിരുന്നു. കേരള വോളിബോൾ അസോസിയേഷന്റെ ഒഫീഷ്യൽ റഫറി ആയിരുന്നു. കേരള വോളിബോൾ അസോസിയേഷന്റെ ഭാരവാഹികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജോസ് വെള്ളച്ചാലിൽ ദേശീയ അന്തർദേശീയ വോളിബോൾ താരങ്ങളുമായി കോച്ചുകളുമായും ടീമുകളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു

മലയോര മേഖലയിലെ യുവാക്കളെ വോളിബോൾ എന്ന കായിക ഇനത്തിലേക്ക് കൈപിടിച്ചുയർത്തുകയും, വിവിധ മേഖലകളിൽ ജോലി സാധ്യതയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞവർഷം മലയോര മേഖലയിലെ വോളിബോളിന് വിവിധ തലങ്ങളിൽ സംഭാവന നൽകിയ മുതിർന്ന കളിക്കാരെയും കോച്ചുമാരെയും സംഘാടകരെയും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ആദരിച്ചിരിക്കുകയും ചെയ്തിരുന്നു. ജോസ് വെള്ളച്ചാലിൽ വിടവാങ്ങുമ്പോൾ മലയോരത്തെ വോളിബോളിനെ ജനകീയമാക്കിയ ഒരു മികച്ച കായികതാരത്തെയും വോളിബോൾ സ്നേഹിക്കുവാണ് മലയോരത്തിന് നഷ്ടമാകുന്നത്.