ജോസ് കെ.മാണി ഇടത്തോട്ടേക്കോ?; രാഷ്‌ട്രീയ നിലപാട്  തിങ്കളാഴ്‌ച  പ്രഖ്യാപിക്കും

0 438

ജോസ് കെ.മാണി ഇടത്തോട്ടേക്കോ?; രാഷ്‌ട്രീയ നിലപാട്  തിങ്കളാഴ്‌ച  പ്രഖ്യാപിക്കും

 

കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി പക്ഷം തിങ്കളാഴ്‌ച തങ്ങളുടെ രാഷ്‌ട്രീയ നിലപാട് പ്രഖ്യാപിക്കും. ജോസ് പക്ഷം ഇടതുമുന്നണിയിലേക്ക് പോകുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമായിരിക്കും തിങ്കളാഴ്‌ച നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കുമെന്ന് ജോസ് കെ.മാണി നേരത്തെ പറഞ്ഞിരുന്നു.

അഭിമാനം പണയംവച്ച് യുഡിഎഫിൽ തുടരേണ്ട ആവശ്യമില്ലെന്നാണ് ജോസ് കെ.മാണി പക്ഷത്തെ കൂടുതൽ നേതാക്കളുടെയും അഭിപ്രായം. എന്നാൽ, ഇടതുപക്ഷ സഹകരണത്തെ എതിർക്കുന്നവരും ജോസ് കെ.മാണി പക്ഷത്തുണ്ട്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് നേതാക്കളുമായി ജോസ് കെ.മാണി ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. ജോസ് കെ.മാണി രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ പറഞ്ഞിരുന്നു. ജോസ് കെ.മാണി വിഭാഗം യുഡിഎഫ് വിട്ട നടപടിയെ എൽഡിഎഫ് സ്വാഗതം ചെയ്‌തിട്ടുമുണ്ട്.

ജോസ് കെ.മാണി വിഭാഗത്തെ കൂടെകൂട്ടാൻ നേരത്തെ എതിർപ്പ് അറിയിച്ചത് സിപിഐ മാത്രമാണ്. ഇപ്പോൾ സിപിഐയും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ പാലാ സീറ്റ് വിട്ടുകൊടുക്കാൻ മാണി സി.കാപ്പനും എൻസിപിയും തയ്യാറല്ല.

അതിനിടയിലാണ് ജോസ് കെ.മാണി വിഭാഗം എൻഡിഎയുടെ ഭാഗമാകുമെന്ന പ്രസ്‌താവനയുമായി പി.ജെ.ജോസഫ് രംഗത്തെത്തിയത്. ജോസ് കെ.മാണി ഒരു കേന്ദ്രമന്ത്രി സ്ഥാനമാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് പി.ജെ.ജോസഫ് ഇന്നലെ പറഞ്ഞിരുന്നു. ജോസ് കെ.മാണി വിഭാഗത്തെ കൂടെകൂട്ടുന്നതിനോട് ബിജെപിക്കും എതിരഭിപ്രായമില്ല.