സ്പാനിഷ് ഭീമന്മാരായ എഫ്സി ബാഴ്സലോണ ക്ലബ് പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് ജോസപ് ബാർതോമ്യു പുറത്തേക്ക്
സ്പാനിഷ് ഭീമന്മാരായ എഫ്സി ബാഴ്സലോണ ക്ലബ് പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് ജോസപ് ബാർതോമ്യു പുറത്തേക്ക്. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ ഒപ്പുകൾൾ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ബോർഡിലും ആരാധകരിലും ബാർതോമ്യുവിനു തീരെ പിന്തുണയില്ല എന്നതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയം വിജയിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇക്കൊല്ലം അവസാനത്തോടെ ബാർതോമ്യു പുറത്താക്കപ്പെടും.
20000ലധികം അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിനായി ഒപ്പിട്ടത്. ആവശ്യമായത് 16500 ഒപ്പുകളായിരുന്നു. ഇതിനെക്കാൾ അധികം ഒപ്പുകൾ സാധുവാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇനി അടുത്ത 20 ദിവസത്തിനുള്ളിൽ അവിശ്വാസ പ്രമേയം നടത്തണം. 1,54,000 ക്ലബ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യും. 66.6 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചാൽ പ്രമേയം പാസാകും. പ്രമേയത്തിനു മുൻപ് തന്നെ ബാർതോമ്യു രാജിവെക്കുമെന്നും സൂചനയുണ്ട്.
ക്ലബ് വിടണമെന്നാവശ്യപെട്ട് മെസി ക്ലബിന് ബ്യൂറോഫാക്സ് അയച്ചതിനു പിന്നാലെ ഓഗസ്റ്റിലാണ് ഒപ്പ് ശേഖരണം ആരംഭിച്ചത്. കുറച്ചധികം കാലമായി ബാർതോമ്യുവിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ കടുത്തു. ക്ലബ് മാനേജ്മെൻ്റും പ്രസിഡൻ്റ് ബാർതോമ്യുവും ഒരു ദുരന്തമാണ് എന്ന് മെസി വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ക്ലബിൻ്റെ സമ്മർദ്ദം മൂലം മെസി ടീമിൽ തുടർന്നെങ്കിലും ബാർതോമ്യുവിനെതിരെ വിമർശനം കടുത്തു. അതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിനു നീക്കം തുടങ്ങിയത്.