ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിർദ്ദേശിച്ചത് മുഖ്യമന്ത്രിയാണ്; രമേശ് ചെന്നിത്തല

0 549

ലോകായുക്തയ്ക്കെതിരെ കെ ടി ജലീലിന്റെ വിമർശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിർദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാൻ കെ ടി ജലീൽ ശ്രമിക്കുന്നെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

‘ലോകായുക്തയെ നിയമിക്കുന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്‌പീക്കറും ചേർന്നാണ്. ജസ്റ്റിസ് സിറിയക് ജോസഫിനെതിരയിട്ടാണ് കെ ടി ജലീൽ പറഞ്ഞത് എങ്കിൽ ആ പേര് മുന്നോട്ട് വച്ചത് മുഖ്യമന്ത്രിയാണ്. നിയമസഭയിൽ ഞാൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്താണ് മുഖ്യമന്ത്രി പേര് നിർദേശിച്ചത്. ഈ കാര്യത്തിൽ ഉന്നതനായ സിറിയക് ജോസഫിനെ നിർദേശിച്ചപ്പോൾ ഞാൻ അത് ഡിഫൻഡ് ചെയ്യാതെ അംഗീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ മെരിറ്റോറിയൽ സർവീസിനെ ഇകഴ്ത്തി കാണിക്കാനാണ് കെ ടി ജലീൽ ശ്രമിക്കുന്നെത്. അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയെ സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ ആക്കിയത് ബന്ധുത്വം കൊണ്ടല്ല അവർ ഉന്നതയായ വിദ്യാഭ്യാസ വിദഗ്ദ്ധയായത് കൊണ്ടാണ്. ബന്ധുവാണെന്ന് പറഞ്ഞ് അവരുടെ മെരിറ്റോറിയൽ സർവീസിനെ അപമാനിക്കുന്നത് ശരിയല്ല. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനാണ് കെ ടി ജലീൽ ശ്രമിക്കുന്നത്. കെ ടി ജലീൽ പറഞ്ഞ വിഷയത്തിൽ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും യോജിപ്പുണ്ടോ എന്നാണ് അറിയേണ്ടത്. – രമേശ് ചെന്നിത്തല പറഞ്ഞു

ലോകായുക്തയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ.ടി.ജലീല്‍ രംഗത്തെത്തിയത്. തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ആരോപിച്ചു. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ ആരോപിച്ചു. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലാവുമെന്നും ജലീൽ ആരോപിച്ചു. ജലീൽ ലക്ഷ്യം വയ്ക്കുന്നത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെയാണ്. ലോകായുക്ത വിധിയെത്തുടര്‍ന്നാണ് ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്.