കലാപം കാരണം വിവാഹം മുടങ്ങി;യുവതിയ്ക്ക് നിശ്ചയിച്ച ദിവസം ആശുപത്രിയില്‍ മറ്റൊരു വിവാഹം

0 255

 

ന്യൂഡല്‍ഹി: കലാപത്തിനിടെ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന മുസ്തഫാബാദിലെ അല്‍-ഹിന്ദ് ആശുപത്രി ചൊവ്വാഴ്ച ഒരു വിവാഹത്തിനും വേദിയായി. റുക്‌സര്‍ എന്ന 19 കാരിയെ വിവാഹം ചെയ്യേണ്ടിയിരുന്ന യുവാവ് അതില്‍ നിന്ന് പിന്‍മാറിയതോടെ അനിശ്ചിതത്വത്തിലായ വിവാഹമാണ് നിശ്ചയിച്ച ദിവസം തന്നെ നടന്നത്. കലാപത്തിനിടെ വിവാഹത്തിനായി കരുതി വെച്ച സ്വര്‍ണവും പണവും കൊള്ളയടിക്കപ്പെട്ടതോടെയാണ് റുക്‌സറിനെ വിവാഹം കഴിക്കേണ്ടിയിരുന്നയാള്‍ അവസാന നിമിഷം പിന്‍മാറിയത്.

ഫെബ്രുവരി 24 നാണ് റുക്‌സറിന്റെ കുടുംബമുള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന തെരുവിലേക്ക് കലാപകാരികളെത്തിയത്. അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടുകളുപേക്ഷിച്ച്‌ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ വിലപിടിച്ച വസ്തുക്കള്‍ ഉപേക്ഷിക്കേണ്ടി വന്നു. കലാപത്തില്‍ സര്‍വ്വതും നഷ്ടമായി. റുക്‌സറിന്റെ വിവാഹത്തിനായി വാങ്ങിയ വസ്ത്രങ്ങളും സ്വര്‍ണവുമെല്ലാം കലാപകാരികള്‍ കൊള്ളയടിച്ചു. ഇതറിഞ്ഞതോടെ റുക്‌സറിന്റെ പ്രതിശ്രുത വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നൊഴിഞ്ഞു മാറി.

റുക്‌സറിന്റെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടത്താനുള്ള ഓട്ടത്തിലായിരുന്നു വീട്ടുകാര്‍. അക്രമണത്തെ തുടര്‍ന്ന് അല്‍-ഹിന്ദ് ആശുപത്രിയിലായിരുന്നു ഇവര്‍ക്ക് താമസമൊരുക്കിയത്. റുക്‌സറിനെ വിവാഹം കഴിക്കാന്‍ ഫിറോസ് എന്ന യുവാവ് തയ്യാറായതോടെ റുക്‌സറിന്റെ വീട്ടുകാര്‍ക്ക് ആശ്വാസമായി. തുടര്‍ന്ന് ആശുപത്രിയില്‍ തന്നെ വിവാഹത്തിന് വേദിയൊരുക്കി.

വിവാഹക്കാര്യം ആദ്യം പറയുമ്ബോള്‍ തെല്ലൊന്നമ്ബരന്നെങ്കിലും സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതാനാണ് തനിക്കിഷ്ടമെന്ന് പറയുകയാണ് റുക്‌സറിന്റെ ഭര്‍ത്താവ് ഫിറോസ്. ഒരു സ്വകാര്യ കമ്ബനി ജീവനക്കാരനാണ് ഫിറോസ്. കുടുംബത്തിന് ഫര്‍ണിച്ചര്‍ വ്യാപാരവുമുണ്ട്. കലാപം കഠിനമായ വിഷമമുണ്ടാക്കിയെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ സന്തോഷകരമായതിന്റെ ആശ്വാസത്തിലാണ് റുക്‌സറിന്റെ വീട്ടുകാര്‍.