കമല്‍നാഥ്‌ സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു, ബിജെപിയെ പ്രതിസ്ഥാനത്തു നിര്‍ത്തിയ കമല്‍നാഥിന് തിരിച്ചടി നല്‍കിയത് സ്വന്തം പാര്‍ട്ടിയിലെ വിമതര്‍

0 235

 

 

ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ കമല്‍നാഥ്‌ സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു. വിമതനീക്കം ശക്‌തിപ്പെടുത്തി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 18 എം.എല്‍.എമാര്‍ പ്രത്യേക വിമാനത്തില്‍ ബംഗളുരുവിലേക്കു പറന്നതിനു പിന്നാലെ, രാത്രി ഭോപ്പാലില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ്‌ രാജിതീരുമാനം. മുഖ്യമന്ത്രിക്കാണ്‌ മന്ത്രിമാര്‍ രാജി നല്‍കിയത്‌. അനുനയനീക്കത്തിന്റെ ഭാഗമായി മന്ത്രിസഭാ പുനസംഘടനയ്‌ക്കായാണ്‌ മന്ത്രിമാരെ രാജി വയ്‌പ്പിച്ചത്‌.

ബംഗളുരുവിലേക്കു കടന്ന സിന്ധ്യപക്ഷത്തുള്ള 18 പേരില്‍ ആറു മന്ത്രിമാരുമുണ്ട്‌. ഒരാഴ്‌ച മുമ്ബ് ബി.ജെ.പി. യാണ് അട്ടിമറി ശ്രമം നടത്തിയതെന്നാരോപിച്ചു ബിജെപിക്കെതിരെ കമല്‍നാഥ്‌ രംഗത്തെത്തിയിരുന്നു. കൂടാതെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേരാന്‍ ബിജെപി എംഎല്‍എയെ ഭീഷണിപ്പെടുത്തു വലിയ വാര്‍ത്തയായിരുന്നു. കൂടാതെ പ്രതികാര നടപടിയായി ഇയാളുടെ റിസോര്‍ട്ട് പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന വിമതനീക്കം കോണ്‍ഗ്രസിനെയും ആകെ ഉലച്ചിരിക്കുകയാണ്‌.

ഇരുനേതാക്കളുമായും കോണ്‍ഗ്രസ്‌ നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്‌. സിന്ധ്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്‌. രാഹുല്‍ ഗാന്ധി ഇന്നലെരാത്രി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത്‌ ഷാ എന്നിവരുമായും സിന്ധ്യ ആശയവിനിമയം നടത്തുന്നുണ്ടെന്നാണു വിവരം.സര്‍ക്കാരിനു നേരിയ ഭൂരിപക്ഷം മാത്രമാണുള്ളതെന്നതിനാല്‍ മുതിര്‍ന്ന നേതാവായ കരണ്‍ സിങ്‌ അടക്കമുള്ളവരെ കളത്തിലിറക്കിയാണു കോണ്‍ഗ്രസ്‌ നേതൃത്വം സിന്ധ്യയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്‌.