കാമുകിയെ വീഡിയോ കോളിൽ വിളിച്ചു കാട്ടി ലൈവായി ആത്മഹത്യ

0 372

 

 

കോട്ടയം: കഴുത്തിൽ കുരുക്കിട്ടു നിൽക്കുന്നത് കാമുകിയെ ലൈവായി വീഡിയോകോളിൽ വിളിച്ചു കാണിച്ച് യുവാവിന്റെ ആത്മഹത്യ. യുവാവ് ജീവനൊടുക്കുന്നത് ലൈവായി കണ്ട യുവതി യുവാവ് ജോലി ചെയ്യുന്ന കടയുടെ ഉടമയെ രാത്രി തന്നെ ഫോണിൽ വിളിച്ചറിയിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാവിലെ ഇയാൾ മുറിയിലെത്തിയപ്പോൾ കണ്ടത് യുവാവിന്റെ മൃതദേഹം..! ചൊവ്വാഴ്ച രാത്രി രണ്ടു മണിയോടെ ചങ്ങനാശേരി പൂച്ചിമുക്കിലെ മാസ് ലോഡ്ജിലായിരുന്നു സംഭവങ്ങൾ. ആലപ്പുഴ വണ്ടാനം സ്വദേശിയായ ബാദുഷ (26)ആണ് ജീവനൊടുക്കിയത്. അടുത്തിടെ ചങ്ങനാശേരിയിൽ ആരംഭിച്ച ജ്യൂസ് കടയിലെ ജീവനക്കാരനാണ് മരിച്ച ബാദുഷ. ചൊവ്വാഴ്ച രാത്രി 11 മണിയോടെ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് ബാദുഷ ലോഡ്ജിലെ മുറിയിൽ എത്തിയത്. മുറിയിൽ കയറിയ ബാദുഷാ കാമുകിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതിനിടെ വീഡിയോ കോളിൽ കാമുകിയെ വിളിച്ച ശേഷംജീവനൊടുക്കുകുയായിരുന്നുവെന്നാണ് വിവരം.

ഇയാൾ മരിക്കാൻ ശ്രമിക്കുന്നത് കണ്ട് യുവതി, ഉടൻ തന്നെ ബാദുഷയുടെ ജ്യൂസ് കട ഉടമയും, മുറി വാടകയ്ക്കു എടുത്തു നൽകിയ ആളുമായ യുവാവിനെ വിളിച്ചു. രാത്രി രണ്ടു മണിയ്ക്കു പല തവണ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പുലർച്ചെ ആറു മണിയോടെയാണ് യുവതിയുടെ മിസ് കോളുകൾ ജ്യൂസ് കട ഉടമ ഫോണിൽ കണ്ടത്. തുടർന്നു, യുവതിയെ വിളിച്ചതോടെയാണ് സംഭവം അറിഞ്ഞത്. ഉടൻ തന്നെ ഇയാൾ ബാദുഷായെ ഫോണിൽ വിളിച്ചു. ഫോൺ എടുക്കാതെ വന്നതോടെ കട ഉടമ ഇയാൾ താമസിക്കുന്ന ലോഡ്ജിൽ എത്തി. ലോഡ്ജിലെ ജനാലയിലൂടെ നോക്കിയപ്പോഴാണ് ബാദുഷ തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത്. തുടർന്നു, ചങ്ങനാശേരി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്തു കയറി. വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. ശരീരത്തിൽ പരിക്കുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടുമില്ല. ആത്മഹത്യ തന്നെയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും.

അമ്പലപ്പുഴ സ്വദേശിയായ ബാദുഷ നേരത്തെ വിവാഹിതനാണ്. ഇയാളുടെ ഭാര്യയ്ക്കു മാനസിക അസ്വാസ്ഥ്യമുള്ളതിനാൽ ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായത്. ഈ പെൺകുട്ടിയുമായുള്ള സൗന്ദര്യപ്പിണക്കത്തെ തുടർന്നാണ് ഇയാൾ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ, ഇയാൾ വീഡിയോ അയച്ചു നൽകിയോ എന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. മരിച്ചയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു ശാസ്ത്രീയമായി പരിശോധിച്ചെങ്കിൽ മാത്രമേ ഇതു തെളിയിക്കാൻ സാധിക്കൂ. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.