ആലക്കോട് : മഞ്ഞളിപ്പ് രോഗബാധയെത്തുടര്‍ന്ന് കമുക് കര്‍ഷകര്‍ പ്രതിസന്ധിയില്‍. വര്‍ഷങ്ങളായി തുടരുന്ന മഞ്ഞളിപ്പ് രോഗത്തിന് ശാശ്വതപരിഹാരമില്ലാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലും ആശങ്കയിലുമാക്കിയിരിക്കുന്നത്. മലയോരത്തിന്റെ പ്രമുഖ കാര്‍ഷിക വിളയായിരുന്ന കമുകുകള്‍ ഇന്ന് പേരിനുമാത്രം അവശേഷിക്കുന്ന കാഴ്ചയാണ്. രോഗം വന്നു നശിച്ച കമുകുകള്‍ കൂട്ടത്തോടെ മുറിച്ചുമാറ്റി മറ്റു കൃഷികളിലേക്ക് തിരിയുകയാണ് കര്‍ഷകര്‍.
കമുകുകളുടെ കേന്ദ്രങ്ങളായിരുന്ന പല പ്രദേശങ്ങളിലും ഇപ്പോള്‍ കര്‍ഷകര്‍ പിന്നോട്ടടിക്കുന്ന അവസ്ഥയാണുള്ളത്. മലയോരമേഖലയില്‍ കമുക് മാത്രം കൃഷിചെയ്തിരുന്ന നൂറുകണക്കിന് ഏക്കര്‍ സ്ഥലങ്ങളുണ്ടായിരുന്നു. എന്നാല്‍ റബര്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ക്ക് കമുകുകൃഷി വഴിമാറിക്കൊടുത്തിരിക്കുകയാണ്.
മാത്രമല്ല, അടയ്ക്ക വിപണിയില്‍ ഗുണമേന്മയേറിയ ഇനങ്ങള്‍ ഉത്പാദിപ്പിച്ചിരുന്ന സ്ഥലങ്ങളില്‍ സംരക്ഷണംപോലുമില്ലാതെ കമുകുകൃഷി പേരിനു മാത്രമായിരിക്കുന്ന അവസ്ഥയാണുള്ളത്.
കമുകിന്റെ ഓലകളില്‍ ഉള്‍പ്പെടെ മഞ്ഞനിറം വരികയും ക്രമേണ കമുകുകള്‍ നശിച്ചുപോകുകയും ചെയ്യുന്ന രോഗത്തിന് പരിഹാരമില്ലാത്തതു കാരണം നഷ്ടത്തിലേക്ക് പോയതാണു കര്‍ഷകര്‍ ഈ കൃഷിയില്‍നിന്നു പിന്തിരിയാന് കാരണം. കമുകുകളെ കൂട്ടത്തോടെ ബാധിക്കുന്ന രോഗത്തിന് കൃത്യമായ മരുന്നുപ്രയോഗവും ഫലപ്രദമായ നിരീക്ഷണവും ലഭ്യമാക്കാന്‍ സാധിക്കുന്നുമില്ല.
കര്‍ഷകര്‍ക്ക് ആശ്വാസമാകേണ്ട കൃഷിവകുപ്പും കമുകു കര്‍ഷകരെ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്. രോഗബാധയ്ക്ക് പരിഹാരം തേടി അധികൃതരെ സമീപിച്ചാലും സ്വകാര്യ കമ്ബനികളുടെ വിലകൂടിയ മരുന്നുകള്‍ പുറമെനിന്ന് വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണുള്ളത്. വിലയുണ്ടെങ്കിലും വിളവില്ലാത്തതു കാരണം പണിക്കൂലി പോലും ലഭിക്കുന്നില്ലെന്ന പരാതിക്കിടയിലാണു രോഗബാധയും തിരിച്ചടിയായത്.