കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത കാഴ്ചയുടെ ഞെട്ടലില്‍ നിന്ന് നാട് വിട്ടു മാറിയിട്ടില്ല. കേരളം ഒന്നടങ്കം നടത്തിയ എല്ലാ പ്രാര്‍ത്ഥനകളും വിഫലമായിരിക്കുന്നു. എന്നാല്‍ ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് സമീപ വാസികള്‍ തറപ്പിച്ചു പറയുന്നു.
വീടിന് കുറച്ചു ദൂരെയുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ദേവനന്ദയുെട വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്. പുഴയില്‍ കുറ്റിക്കാടിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
കുട്ടി ഒറ്റക്ക് അത്രയും ദൂരം പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്നു കാണാതായതും ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ സാഹചര്യവും ദുരൂഹത ഉണര്‍ത്തുന്നതാണെന്നു നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ വാദം.
ഇന്നലെ രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്ബതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകില്‍ തുണി അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് അവര്‍ തുണികഴുകല്‍ മതിയാക്കി വീടിന്‍്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലുമായിരുന്നു. തുടര്‍ന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കാണാത്തതിനാല്‍ ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. .
കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പൊലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. വീടിന്‍്റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്നും സംശയമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി പുഴയിലും തിരച്ചില്‍ നടത്തി.
അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പൊലീസ് ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ച് തിരച്ചില്‍ നടത്തി. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പൊലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങിയിരുന്നു. ഈ ഭാഗത്തും പൊലീസ് വിശദമായ തിരച്ചില്‍ നടത്തിയിരുന്നു. കേരളം ഒന്നാകെ നെഞ്ചിലേറ്റിയ ദേവാനന്ദയുടെ മരണം വിശ്വസിക്കാനാവാതെയിരിക്കുകയാണ് നാടും വീടും