കണ്ടത്തുവയല്‍ ഇരട്ടക്കൊല; പ്രതി വിശ്വനാഥന്‍ കുറ്റക്കാരനെന്ന് കോടതി വിധി

0 719

വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി തൊട്ടില്‍പാലം സ്വദേശി വിശ്വനാഥന്‍ കുറ്റക്കാരന്നെന്ന് കോടതി വിധിച്ചു. പ്രതിയുടെ ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും.കല്‍പ്പറ്റ സെഷന്‍സ് കോടതി ജഡ്ജി വി.ഹാരിസാണ് വിധി പറഞ്ഞത്.

2018 ജൂലൈ ആറിനാണ് മോഷണശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ ഉമ്മര്‍ ഭാര്യ ഫാത്തിമ എന്നിവരെ വിശ്വനാഥന്‍ കൊലപ്പെടുത്തിയത്.ആദ്യഘട്ടത്തില്‍ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസ് കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ താമസിക്കുന്ന കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പോലീസ് അറസ്റ്റുചെയ്തു.

പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊലചെയ്തതെന്നും പോലീസ് കണ്ടെത്തിയത്. കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും സമാനമായ കേസുകളില്‍ പ്രതികളായവരെയും ജയിലുകളില്‍നിന്ന് സമീപകാലത്ത് പുറത്തിറങ്ങിയവരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.എഴുന്നൂറോളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള സൈബര്‍ അന്വേഷണവും ശാസ്ത്രീയപരിശോധനകളുമാണ് പ്രതിയെ വലയിലാക്കിയത്.