കാഞ്ഞങ്ങാട് ഉറങ്ങികിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടും ചിരവകൊണ്ടടിച്ചും തല തകര്‍ത്ത ശേഷം മകന്‍ തൂങ്ങിമരിച്ചു

0 963

കാഞ്ഞങ്ങാട്: ഉറങ്ങികിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തല അടിച്ച് തകര്‍ത്ത് വിദ്യാര്‍ത്ഥിയായ മകന്‍ തൂങ്ങിമരിച്ചു.മടിക്കൈ ആലയിലെ പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത്(19) ആണ് അമ്മയെ ക്രൂരമായി അക്രമിച്ച ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.

സുധയുടെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോള്‍ വീട്ടിന് പുറത്ത് തലതകര്‍ന്ന് രക്തം വാര്‍ന്നൊഴുകിയ നിലയില്‍ സുധയെ കണ്ടെത്തുകയായിരുന്നു. വീട്ടിനകത്ത് കയറിനോക്കിയപ്പോഴാണ് സുജിത്തിനെ തൂങ്ങിയനിലയിലും കണ്ടത്. ഇരുവരെയും നാട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. സുജിത്ത് ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി മടിക്കൈ ആലയിൽ അഴിക്കോടന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇന്നലെ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കലാപരിപാടികള്‍ കാണാന്‍ സുജിത്തും ഉണ്ടായിരുന്നു. രാത്രി വൈകിയാണ് സുജിത്ത് വീട്ടിലേക്ക് പോയത്. തുടര്‍ന്നാണ് ക്രൂരകൃത്യം അരങ്ങേറിയത്. സുധയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉപേക്ഷിച്ചുപോയിരുന്നു.

അമ്മയും മകനും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഓണാഘോഷ പരിപാടി കഴിഞ്ഞ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് വഴക്കിട്ടതാകാം സുജിത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. കയ്യൂര്‍ ഗവണ്‍മെന്റ് ഐടിഐയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് സുജിത്ത്. ഹൊസ്ദുർഗ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Get real time updates directly on you device, subscribe now.