കൊറോണ പ്രതിരോധം: കടകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കണം- ജില്ലാ കലക്ടര്‍
ഹോം ഡെലിവറി പ്രോല്‍സാഹിപ്പിക്കണം
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയ പശ്ചാത്തലത്തില്‍ ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. കടയിലെ ജീവനക്കാരും ഉപഭോക്താക്കളും സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് കടയുടമകള്‍ ഉറപ്പുവരുത്തണം. മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
വ്യാപാര സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറിക്ക് മുന്‍ഗണന നല്‍കണം. ഹോം ഡെലിവറി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
കടകളിലും മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് നിരീക്ഷണ സംവിധാനങ്ങള്‍ നടപ്പിലാക്കും. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം ജനങ്ങള്‍ക്ക് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ സംവിധാനമൊരുക്കും. ഇതുമായി ബന്ധപ്പെട്ട് ജനകീയ കാംപയിന്‍ സംഘടിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അഡിഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, ഡിഎംഒ ഡോ. കെ നാരായണ നായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
Prev Post