സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കണ്ണൂർ ജില്ലയിൽ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കണ്ണൂർ ജില്ലയിൽ. ആകെ 104 പേർക്കാണ് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 53 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ തുടരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂരിലെ ഒരു വീട്ടിൽ 10 പേർക്ക് സമ്പർക്കം വഴി രോഗബാധയുണ്ടായി. ഈ സാഹചര്യത്തിൽ വലിയ തോതിൽ പരിശോധനകൾക്ക് തീരുമാനിച്ചിരിക്കുകയാണ്. ലോക്ഡൗൺ കർശനമായി നടപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കും.
റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരിശോധനക്കെങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കും. ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച മേഖലകൾ പൂർണമായും സീൽ ചെയ്യും. പൊലീസ് അനുമതിയോടെ ചുരുക്കം മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറക്കാവൂ. അവശ്യവസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കും.
മറ്റ് ജില്ലകളിൽ പ്രഖ്യാപിച്ച ഇളവുകൾ കണ്ണൂരിന് ബാധകമാണെന്ന് ജനം ധരിക്കരുതെന്നും മെയ് മൂന്ന് വരെ സമ്പൂർണ ലോക്ഡൗൺ ആണെന്നത് മറക്കരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഇന്ന് കണ്ണൂരിൽ ലോക്ഡൗൺ ലംഘിച്ച് ജനം റോഡിലേക്കിറങ്ങിയ സംഭവമുണ്ടായിരുന്നു.