കണ്ണൂര്‍ ജില്ലയിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാന്‍ കര്‍ശന നടപടികളുമായി പൊലീസ്, ഊടുവഴികള്‍ അടച്ചിട്ടു

0 838

കണ്ണൂര്‍ ജില്ലയിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാന്‍ കര്‍ശന നടപടികളുമായി പൊലീസ്, ഊടുവഴികള്‍ അടച്ചിട്ടു

 

കണ്ണൂര്‍: അയല്‍ ജില്ലകളില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലേക്ക് നടക്കുന്ന നുഴഞ്ഞുകയറ്റം തടയാന്‍ കര്‍ശന നടപടിയുമായി പൊലീസ്. കാസര്‍കോട് ജില്ലയില്‍ നിന്ന് ചെറുപുഴ പഞ്ചായത്തിലേക്കും പിന്നീട് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്കും കടക്കുകയാണ്. കൂടാതെ കണ്ണൂര്‍ കരിക്കോട്ടക്കരി വഴി കര്‍ണാടകയില്‍നിന്നും ആളുകള്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച്‌ എത്തുന്നുണ്ട്. ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനെ നിര്‍ബന്ധിതമാക്കിയത്. ഇതിന്റെ ഭാഗമായി ഇടറോഡുകള്‍ അടച്ചു കഴിഞ്ഞു.

 

വനപാതകളില്‍ കൂടിയുള്ള നുഴഞ്ഞുകയറ്റമാണ് പൊലീസിന് ഏറെ തലവേദന സൃഷ്ടിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ്, ആണൂര്‍ എന്നിവിടുങ്ങളിലെ ചെക്ക് പോസ്റ്റിലെ പരിശോധന ഒഴിവാക്കാന്‍ കാസര്‍കോട് ജില്ലയില്‍ നിന്നു ചെറുപുഴയിലേക്കു പ്രവേശിക്കുന്ന നെടുങ്കല്ല് പാലം, കൊല്ലാട പാലം, ചെറുപുഴ റഗുലേറ്റര്‍കം ബ്രിജ്, പുളിങ്ങോം പാലാവയല്‍ പാലം എന്നിവയാണ് ആശ്രയിക്കുന്നത്. ഈ വഴികള്‍ പൊലീസ് ഇന്ന് പൂര്‍ണമായും അടച്ചിട്ടിരിക്കയാണ്. മലയോര ഹൈവേ കടന്നുപോകുന്ന ചിറ്റാരിക്കാല്‍ ചെറുപുഴ പാലം വഴി മാത്രമേ ഇനി വാഹനഗതാഗതം അനുവദിക്കൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനു പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

എന്നാല്‍ പാസുകള്‍ ലഭിക്കാന്‍ കാലതാമസം എടുക്കുന്നതിനാല്‍ പലരും കാസര്‍കോട് ജില്ലയില്‍ എത്തി ഊടുവഴികളിലൂടെ കണ്ണൂരിലേക്കു കടക്കുകയാണു ചെയ്യുന്നത്. ഇവരുടെ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പും പ്രയാസപ്പെടുന്നു. ഇതിനു തടയിടാനാണു ഇടറോഡുകള്‍ അടച്ചിടാന്‍ പൊലീസ് തീരുമാനിച്ചത്. പാസ്സുള്ളവര്‍ക്കു ജില്ലയിലേക്കു പ്രവേശനം അനുവദിക്കും. നിലവില്‍ 2 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെറുപുഴ പഞ്ചായത്തിനെ ഹോട്സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.