കോവിഡ് 19: ഗര്‍ഭിണികളായ രോഗികള്‍ക്ക് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐ സി യുവിന് ഒന്നേകാല്‍ കോടി കൂടി അനുവദിച്ചു: കെ കെ രാഗേഷ് എം പി

0 1,607

 

കോവിഡ് 19 ബാധിച്ച ഗര്‍ഭിണികളായ രോഗികളെ പരിചരിക്കുന്നതിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐ സി യു സ്ഥാപിക്കുന്നതിനും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി ഒന്നേകാല്‍ കോടി കൂടി അനുവദിച്ചതായി കെ കെ രാഗേഷ് എം പി അറിയിച്ചു. എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നാണ് തുക ലഭ്യമാക്കിയത്.
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ കൊറോണ ബാധയുടെ വ്യാപനവും നിലവിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് ചികിത്സാ സൗകര്യം വര്‍ധിപ്പിക്കേണ്ടതിന്റെ അനിവാര്യത പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ അധികൃതരെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഒന്നേകാല്‍ കോടി രൂപ അനുവദിച്ചത്. കോവിഡ് 19 നെ തുടര്‍ന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തികള്‍ മണ്ണിട്ട് മൂടിയതിനാല്‍ വര്‍ഷങ്ങളായി മംഗലാപുരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്ന കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ആളുകള്‍ക്ക് തുടര്‍ ചികിത്സ നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മംഗലാപുരത്ത് സ്ഥിര ചികിത്സ നടത്തി വന്നിരുന്ന ചിലര്‍ ചികിത്സ ലഭിക്കാതെ മരണപ്പെടുകയും ചെയ്തു. സാധാരണ നിലയ്ക്കുള്ള ചികിത്സാ സൗകര്യത്തിന് തടസ്സം നില്‍ക്കുന്നത് മനുഷ്യത്വ രഹിതമാണ്. ഈ പശ്ചാത്തലത്തില്‍ വിപുലമായ ആധുനിക സൗകര്യങ്ങള്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒരുക്കുന്നതിനായി കൂടുതല്‍ തുക കണ്ടെത്തുന്നതിനുള്ള പരിശ്രമം നടത്തി വരികയാണെന്നും എം പി വ്യക്തമാക്കി.തുക അനുവദിച്ച പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ ശ്രീകാന്തിന് അദ്ദേഹം നന്ദി അറിയി
ക്കുകയും ചെയ്തു.

ഗവ.മെഡിക്കല്‍ കോളേജ് സൗകര്യങ്ങള്‍ വിപുലപ്പെടുത്താനായി ഇതിനോടകം മൂന്നേ മുക്കാല്‍ കോടി രൂപയാണ് കെ കെ രാഗേഷ് എം പി യുടെ ഇടപെടലിനെ തുടര്‍ന്ന് ലഭ്യമാക്കിയത്. നേരത്തേ എം പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും ഗെയില്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്ന് 50 ലക്ഷം രൂപയും ബിപിസിഎല്ലില്‍ നിന്ന് ഒരു കോടി രൂപയും ലഭ്യമാക്കിയിരുന്നു.