കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പന്പ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ജീവനക്കാരുടെ മിനിമം വേതനം 18,000 രൂപയാക്കുക, മുഴുവന്‍ ജീവനക്കാര്‍ക്കും പിഎഫ്, ഇഎസ്ഐ, ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിള്ള സംയുക്തസമരസമിതി പണിമുടക്ക് നടത്തുന്നത്. കണ്ണൂര്‍ ജില്ലയോടു ചേര്‍ന്നുള്ള കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ പണിമുടക്കില്ല.
ജില്ലാ ഭരണകൂടത്തിന്റെ നിസംഗതയാണ് സമരത്തിന് വഴിവച്ചതെന്ന് ഐന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.വി. ശശീന്ദ്രന് ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കണ്ണൂരിലെത്തി ട്രേഡ് യൂണിയന് നേതാക്കളുമായും തൊഴിലാളികളുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തീരുമാനമാകാഞ്ഞതിനാല് അവശ്യസര്‍വീസ് എന്നനിലയിലുള്ള വിഷയം പരിഗണിച്ച് ഇക്കാര്യം കളക്ടര്‍ക്ക് വിടുകയായിരുന്നു. റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ നേരിട്ട് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കളക്ടര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം വരെ കളക്ടര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങിയതെന്നും ശശീന്ദ്രന് പറഞ്ഞു.