കണ്ണൂരിൽ പനി ബാധിച്ച് മരിച്ച കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക്; പോസ്റ്റ്മോർട്ടം പിന്നീട്

0 2,852

 

കണ്ണൂർ: ജില്ലയിൽ ആറളത്ത് പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവം പരിശോധനക്ക് അയക്കും. കൊവിഡ് വൈറസ് ബാധ ഏറ്റാണോ മരണം എന്ന് വ്യക്തമാകാനാണ് ഇത്. എന്നാൽ കുട്ടിക്ക് വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കമുണ്ടായെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

മുൻകരുതലിന്റെ ഭാഗമായാണ് സ്രവം പരിശോധനക്ക് അയച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വിശദീകരിച്ചു. സ്രവ പരിശോധന ഫലം വന്ന ശേഷം മാത്രമേ പോസ്റ്റ്‌മോർട്ടത്തിൽ തീരുമാനമെടുക്കൂവെന്നും ഇവർ വ്യക്തമാക്കി.

കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയാണ് മരിച്ചത്. ആറളം കീഴ്പ്പള്ളിയിലാണ് സംഭവം. കുമ്പത്തിൽ രഞ്ജിത്തിന്റെ മകൾ അഞ്ജനയാണ് ഇന്നലെ രാത്രി മരിച്ചത്. കുട്ടിക്ക് അഞ്ച് വയസ്സുണ്ട് .

മൃതദേഹം ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ആരോഗ്യ വകുപ്പിന്റെ പരിശോധനകൾ പൂർത്തിയായ ശേഷമേ ശവ സംസ്കാര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കൂ എന്നും പരിയാരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.