ആധാര്‍ നല്‍കിയില്ലെങ്കില്‍ കര്‍ഷകര്‍ക്ക് കേന്ദ്രത്തിന്റെ ഇളവില്ല

0 193

 

തിരുവനന്തപുരം : കിസാന്‍ ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള എല്ലാ ആനുകൂല്യവും ആധാര്‍നമ്ബറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളില്‍മാത്രമായി കേന്ദ്ര കൃഷിമന്ത്രാലയം പരിമിതപ്പെടുത്തി. കാര്‍ഷികവായ്പകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പലിശയിളവുള്‍പ്പടെ എല്ലാ ആനുകൂല്യങ്ങളും ആധാറുമായി ബന്ധിപ്പിച്ച കെ.സി.സി. അക്കൗണ്ടുവഴി മാത്രമാകും ലഭിക്കുക.

ചിലര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും മറ്റുചിലര്‍ക്ക് ആവര്‍ത്തിച്ച്‌ ആനുകൂല്യം ലഭിക്കുന്നതും തടയാനാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിര്‍ദേശം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്ന കര്‍ഷകരില്‍നിന്ന് ആധാര്‍നമ്ബര്‍ ശേഖരിക്കണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. 2019 ഒക്ടോബര്‍ ഒന്നുമുതല്‍ സ്വര്‍ണപ്പണയ കാര്‍ഷികവായ്പകള്‍ക്കുള്ള പലിശയിളവ് കേന്ദ്രം നിര്‍ത്തിവെച്ചിരുന്നു. ഇതില്‍ നബാര്‍ഡ് മാറ്റംവരുത്തി. 2020 മാര്‍ച്ചുവരെ പലിശയിളവ് നല്‍കാനാണ് നബാര്‍ഡിന്റെ തീരുമാനം. ഉപാധിയോടെയാണ് ഇളവ്. 2020 ഏപ്രില്‍ ഒന്നിനുമുമ്ബായി കെ.സി.സി. എടുക്കുന്ന കര്‍ഷകരുടെ വായ്പകള്‍ക്കുമാത്രമാണ് ഇളവുണ്ടാവുക. നിലവില്‍ സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയെടുത്തവര്‍ ഏപ്രില്‍ ഒന്നിനകം കെ.സി.സി. എടുത്താല്‍ നാലുശതമാനം പലിശയിളവ് ലഭിക്കും. കെ.സി.സി. എടുത്തിട്ടുണ്ടെന്ന് ബാങ്കുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ നബാര്‍ഡ് പണം അനുവദിക്കും.

പി.എം. കിസാന്‍ അംഗങ്ങള്‍ക്ക് കെ.സി.സി.

ഫെബ്രുവരി 24-നകം കേരളത്തില്‍ അഞ്ചുലക്ഷം കിസാന്‍ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനാണ് കേന്ദ്രനിര്‍ദേശം. പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പി.എം. കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കെല്ലാം കെ.സി.സി. നല്‍കണം. കേരളത്തില്‍ 29 ലക്ഷത്തോളം കര്‍ഷകരാണ് പി.എം. കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. 17 ലക്ഷം കര്‍ഷകര്‍ക്കാണ് കിസാന്‍ക്രെഡിറ്റ് കാര്‍ഡുള്ളത്. പുതുതായി അഞ്ചുലക്ഷം പേര്‍ക്കുകൂടി നല്‍കണമെന്നാണ് ഇപ്പോഴത്തെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ജില്ലയില്‍ 4000 കെ.സി.സി.യെങ്കിലും നല്‍കാനുള്ള നടപടികള്‍ സംസ്ഥാനത്ത് തുടങ്ങി.

സംസ്ഥാനത്തെ എല്ലാ പി.എം. കിസാന്‍ അംഗങ്ങള്‍ക്കും കെ.സി.സി. ലഭിക്കാനിടയില്ല. ഭൂമിയുടെ അളവുമാത്രം പരിഗണിച്ചാണ് ഈ പദ്ധതിയില്‍ അംഗമായത്. കെ.സി.സി. നല്‍കുന്നത് വിള അടിസ്ഥാനമാക്കിയാണ്. അതിനാല്‍, കെ.സി.സി. ലഭിച്ചിട്ടില്ലാത്ത പി.എം. കിസാന്‍ ഗുണഭോക്താക്കളുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്നും ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

* എല്ലാ പി.എം. കിസാന്‍ ഗുണഭോക്താക്കളും ബാങ്കുകളെ സമീപിച്ച്‌ കെ.സി.സി. നേടണം. നിലവില്‍ കെ.സി.സി. ഉള്ളവര്‍ക്ക് വായ്പപരിധി ഉയര്‍ത്തുന്നതിനും ബാങ്കുകളില്‍ അപേക്ഷ നല്‍കാം.

* ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത കെ.സി.സി. അക്കൗണ്ടുകള്‍ പുതുക്കുന്നതിനും കര്‍ഷകര്‍ ബാങ്കുകളുമായി ബന്ധപ്പെടണം.

* ഭൂമിയുടെ രേഖകള്‍, വിളകളുടെ വിശദാംശങ്ങള്‍ എന്നിവയാണ് കെ.സി.സി.ക്കായി നല്‍കേണ്ടത്.

* മത്സ്യക്കൃഷിയും മൃഗസംരക്ഷണവും കെ.സി.സി.യുടെ പരിധിയില്‍ പുതുതായി ഉള്‍പ്പെടുത്തിയതിനാല്‍ ഇതുകൂടി പരിഗണിച്ചാവണം ബാങ്കുകള്‍ വായ്പപരിധി നിശ്ചയിക്കേണ്ടത്.