കാറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച്‌ കടന്ന കൊച്ചുമകന്‍ പിടിയില്‍

0 295

 

 

 

കുറവിലങ്ങാട്: ഉരുളികുന്നത്ത് എഴുപതുവയസ്സുള്ള വീട്ടമ്മയുടെ മാല പൊട്ടിച്ച്‌ കാറില്‍ രക്ഷപ്പെട്ട സംഘത്തിലെ ഒരാള്‍ കുറവിലങ്ങാട് പോലീസിന്റെ പിടിയില്‍. ഒരാള്‍ രക്ഷപ്പെട്ടു. വീട്ടമ്മയുടെ മകളുടെ മകന്‍ പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്ബില്‍ സച്ചിന്‍ സാബുവാണ്‌(24) കാറുമായി പിടിയിലായത്. രാമപുരം സ്വദേശി വിഷ്ണു(23) വാണ് രക്ഷപ്പെട്ടത്. മാല കോട്ടയത്ത് ജൂവലറിയില്‍ വില്‍ക്കുന്നതിന് സഹായിച്ചതിന് സച്ചിന്റെ ഭാര്യ അഖിലയെയും പോലീസ് കസ്റ്റഡിയിലെടുത്തു. അഖില തുടക്കം മുതല്‍ ഇവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്നോ എന്ന് വ്യക്തമായിട്ടില്ല.

വ്യാഴാഴ്ച രാവിലെ 9.30-നാണ് കുരുവിക്കൂട്-കുറ്റിപ്പൂവം റോഡിലുള്ള വീട്ടുമുറ്റത്തുനിന്ന് ഈരയില്‍ മേരിയുടെ മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുത്തത്. പഞ്ചായത്ത് റോഡില്‍ നിന്ന് 200 മീറ്ററിലേറെ ചെമ്മണ്‍പാതയിലൂടെ കാറോടിച്ച്‌ വീടിനടുത്ത് നിര്‍ത്തിയശേഷം ഇറങ്ങിവന്ന ഒരാള്‍ കേബിള്‍ ടി.വി.യുടെ തകരാര്‍ പരിഹരിക്കാനെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ മേരിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് കാറിലേക്കോടിക്കയറി. മേരി നിലവിളിച്ചപ്പോള്‍ ഓടിയെത്തിയ അയല്‍ക്കാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചുമാറ്റി രക്ഷപ്പെട്ടു.

ഉടന്‍തന്നെ കാറിന്റെ നമ്ബര്‍ പോലീസിന് കൈമാറി തിരച്ചില്‍ ഊര്‍ജിതമാക്കി. സോഷ്യല്‍ മീഡിയയില്‍ കാറിന്റെ നമ്ബര്‍ കണ്ട കുര്യനാട് സ്വദേശി തന്റെ കാര്‍ വാടകയ്ക്ക് കൊണ്ടുപോയ ആള്‍ തിരികെ നല്‍കിയിട്ടില്ലെന്ന് ‌കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കി. പിന്നീട് പാറ്റാനി കവലയിലൂടെ കാര്‍ പോകുന്നത് കണ്ട് കുറവിലങ്ങാട് പോലീസ് കാറിന് പിന്നാലെ പാഞ്ഞു. മഠത്തിക്കാവ് റോഡിലൂടെ കാര്‍ തോട്ടുവായിലെത്തി. അവിടെനിന്ന് കുറുപ്പന്തറ റെയില്‍വേ ക്രോസിലെത്തിയപ്പോഴാണ് പോലീസിന് തടയാനായത്. വിഷ്ണു ഇറങ്ങി ഓടിരക്ഷപ്പെട്ടു. സച്ചിനെ കസ്റ്റഡിയിലെടുത്തു.

കുറവിലങ്ങാട് എസ്.ഐ. ദീപു, എസ്.ഐ. സജിമോന്‍, എ.എസ്.ഐ. രാജന്‍, സി.പി.ഒ.മാരായ അരുണ്‍, ബിജു, ജിനു എന്നിവര്‍ ചേര്‍ന്നാണ് പിന്തുടര്‍ന്ന് പിടികൂടിയത്. പൊന്‍കുന്നം എസ്.ഐ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുറവിലങ്ങാട് സ്റ്റേഷനിലെത്തി മാലമോഷണക്കേസില്‍ തുടര്‍നടപടി സ്വീകരിച്ചു. കുറവിലങ്ങാട് പോലീസ് കാര്‍ മോഷണത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.