കരിപ്പൂര്‍: സൗദി സര്‍വിസുകള്‍ നിര്‍ത്തി
കരിപ്പൂര്‍: സൗദി സര്‍വിസുകള്‍ നിര്‍ത്തി: കോവിഡ് 19നെ തുടര്‍ന്ന് യാത്രവിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ സൗദി സര്‍വിസുകള്‍ നിര്‍ത്തി. ഞായറാഴ്ച സൗദി എയര്‍ലൈന്‍സ് ജിദ്ദ, റിയാദ് വിമാനങ്ങള്‍ കരിപ്പൂരിലെത്തിയിരുന്നു. റിയാദ് രാവിലെ എട്ടിനും ജിദ്ദ11നുമാണ് കരിപ്പൂരിലെത്തിയത്. യാത്രക്കാരെ കയറ്റാനാകാത്തതിനാല്‍ അല്പസമയത്തിനകം മടങ്ങി.
പകല്‍ 11മുതല്‍ വിലക്ക് നിലവില്‍വന്നതോടെ നേരത്തേ ബുക്ക് ചെയ്തവര്‍ക്ക് മടങ്ങാനായില്ല. കഴിഞ്ഞദിവസം രാത്രിയാണ് ഞായറാഴ്ച രാവിലെ മുതല്‍ ഇന്ത്യക്കാരെ കൊണ്ടുപോകാനാകില്ലെന്ന നിര്‍ദേശം വിമാനകമ്ബനികള്‍ക്ക് ലഭിച്ചത്. പുലര്ച്ചയുണ്ടായിരുന്ന സ്പൈസ്ജെറ്റും ഇതോടെ ജിദ്ദ സര്‍വിസ് റദ്ദാക്കി. വിലക്ക് നിലവില്‍വന്നത് അറിയാതെ കരിപ്പൂരിലെത്തിയ യാത്രക്കാര്‍ ഇതോടെ പ്രയാസത്തിലായി. പലരും വന്‍ തുക നല്‍കിയാണ് ടിക്കറ്റ് സ്വന്തമാക്കിയത്. 326 പേരാണ് ഇരുവിമാനത്തിലുമായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
അതേസമയം, തിങ്കളാഴ്ച രാവിലെ 7.05നുള്ള എയര്‍ഇന്ത്യ ജിദ്ദ-കോഴിക്കോട് വിമാനം ഞായറാഴ്ചയിലേക്ക് പുനഃക്രമീകരിച്ചിരുന്നു. ജിദ്ദ-ഹൈദരാബാദ് സര്‍വിസ് കരിപ്പൂര്‍ വഴിയാണ് എയര്‍ ഇന്ത്യ ഞായറാഴ്ച നടത്തിയത്. 408 യാത്രക്കാരില്‍ 166 പേര് കരിപ്പൂരിലിറങ്ങി. ബാക്കി 242 പേരുമായി വിമാനം ഹൈദരാബാദിലേക്ക് മടങ്ങി.
വിലക്ക് വന്നതോടെ സൗദിയുടെ ജിദ്ദ, റിയാദ്, എയര്‍ഇന്ത്യ ജിദ്ദ, എയര്‍ഇന്ത്യ എക്സ്പ്രസ് ദമ്മാം, റിയാദ്, ഫ്ലൈനാസ് റിയാദ്, ഇന്‍ഡിഗോ ദമ്മാം സര്‍വിസുകള്‍ നിര്‍ത്തി. ഞായറാഴ്ച മുതല്‍ ഇന്‍ഡിഗോ അബൂദബി, ദുബൈ സര്‍വിസുകളും നിര്‍ത്തി. നേരത്തേ, എയര്‍ഇന്ത്യ എക്സ്പ്രസ് ദോഹ, കുവൈത്ത്, ഇന്‍ഡിഗോ ദോഹ സര്‍വിസുകള്‍ നിര്‍ത്തിയിരുന്നു. മറ്റ് സര്‍വിസുകള്‍ തുടരുന്നുണ്ട്. ഖത്തര്‍ എയര്‍വേസില്‍ ദോഹയില്‍ നിന്നുള്ളവര്‍ ഇങ്ങോട്ടുവരുന്നുണ്ട്. ട്രാന്‍സിറ്റ് യാത്രക്കാരെ മാത്രമേ തിരിച്ചുകൊണ്ടുപോകുന്നുള്ളൂ. മറ്റ് വിദേശ എയര്‍ലൈനുകള്‍ ഷെഡ്യൂള്‍ പ്രകാരം സര്‍വിസുകള്‍ നടത്തുന്നുണ്ട്.