കർണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് രഥോത്സവം. ഇരുനൂറോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു.
കൊവിഡ് ബഫർസോണിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയെള്ള ക്ഷേത്രത്തിലാണ് പരിപാടി നടന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അവഗണിച്ച് ഉത്സവാഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന് തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത കലബുറഗിയിൽ ഇതിനോടകം മൂന്ന് പേർ രോഗം ബാധിച്ച് മരിച്ചു. ഇരുപത് പേർ ചികിത്സയിലാണ്.