കാര്‍ഷികബിൽ:  രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലിക്ക് ഇന്ന് സമാപനം

0 231

കാര്‍ഷികബിൽ:  രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലിക്ക് ഇന്ന് സമാപനം

 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലിക്ക് ഇന്ന് സമാപനം. ഹരിയാനയിലെ കര്‍ണാലിലാണ് വൈകിട്ട് സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ സിര്‍സയിലെ വീടിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും. മേഖലയില്‍ സുരക്ഷാസന്നാഹം ശക്തമാക്കി.

ഞായറാഴ്ച പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്ന് ആരംഭിച്ച് ഇന്നലെ ഹരിയാനയിലെത്തിയ ജാഥയ്ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ന് രാവിലെ പീപ്പ്‌ലി മണ്ഡിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം, നിലോഖേരി വഴി കര്‍ണാലില്‍ അവസാനിക്കുന്ന തരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഖേതി ബച്ചാവോ യാത്രക്കെതിരെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇന്നലെ ഹരിയാന അതിര്‍ത്തിയില്‍ റാലിയെ തടയാന്‍ ശ്രമമുണ്ടായെങ്കിലും, രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടിനെ തുടര്‍ന്ന് മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ നിബന്ധനകളോടെ അനുമതി നല്‍കി. അതേസമയം, പതിനേഴ് കര്‍ഷക സംഘടനകള്‍ സംയുക്തമായി ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ സിര്‍സയിലെ വീടിന് മുന്നില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ ദുഷ്യന്ത് ചൗട്ടാല രാജിവയ്ക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.