കെ.എ.എസ് ഫലം മാര്‍ച്ച്‌ അവസാനത്തോടെ

0 131

തിരുവനന്തപുരം: കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഫലം ഈ മാസം അവസാനമോ ഏപ്രില്‍ ആദ്യമോ പ്രസിദ്ധീകരിക്കും. മൂന്ന് കാറ്റഗറികളിലുമായി 5000 മുതല്‍ 6000 വരെ ഉദ്യോഗാര്‍ത്ഥികളെ മുഖ്യപരീക്ഷയ്ക്ക് ഉള്‍പ്പെടുത്താനാവശ്യമായ കട്ട് ഓഫ് മാര്‍ക്കാവും നിശ്ചയിക്കുക. സ്ട്രീം ഒന്നിലാവും ഉയര്‍ന്ന നിലയിലുള്ള കട്ട് ഓഫ് മാര്‍ക്ക്. പ്രാഥമിക പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ പി.എസ്.സി തുടങ്ങിക്കഴിഞ്ഞു.

ഫെബ്രുവരി 22 ന് പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രാഥമിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഉത്തരസൂചിക സംബന്ധിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതികള്‍ പരിശോധിച്ച്‌ വരികയാണ്. അന്തിമ ഉത്തരസൂചിക ഉടന്‍ പ്രസിദ്ധീകരിക്കും.
മുഖ്യപരീക്ഷ എഴുതാനുള്ള ലിസ്റ്റില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്. എന്നാല്‍ കെ.എ.എസ് കേഡറില്‍ വരുന്ന ഒഴിവുകള്‍ മിക്ക വകുപ്പുകളും രേഖപ്പെടുത്തിയിട്ടില്ല. ഇത് പ്രധാന പരീക്ഷ എഴുതേണ്ടവരുടെ എണ്ണം നിശ്ചയിക്കുന്നതിന് തിരിച്ചടിയാകും.