എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായി കാസര്‍കോട് പ്രതിഷേധം

0 1,325

എന്‍ഡോസള്‍ഫാന്‍ (Endosulfan)  ദുരിതമേഖലയില്‍ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായി കാസര്‍കോട് സമരസമിതിയുടെ പ്രതിഷേധം. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച ഒന്നരവയസുകാരി അര്‍ഷിതയുടെ മൃതദേഹവുമായാണ് പ്രതിഷേധം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രദേശത്ത് ക്യാമ്പ് നടത്തിയിട്ടില്ല. മരിച്ച ഒന്നരവയസുകാരി എന്‍ഡോസള്‍ഫാന്‍ ബാധിതയാണെന്നതിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചികിത്സയില്‍ അടക്കം വീഴ്ച്ചയുണ്ടായെന്നാണ് സമരസമിതിയുടെ ആരോപണം.

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തിങ്കളാഴ്ച്ച രാത്രി അര്‍ഷിതയെ ആദ്യം കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കാസര്‍കോട് സ്വദേശികളായ ഉഷയുടെയും മോഹന്‍റെയും മകളാണ് മരിച്ച അര്‍ഷിത. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. കാസര്‍കോട് ചികിത്സയ്ക്ക് നല്ല ആശുപത്രിയില്ല. ക്യാമ്പുകള്‍ നടത്താത്തതിനാല്‍ നിരവധി രോഗബാധിതര്‍ എന്‍ഡോസള്‍ഫാന്‍ ലിസറ്റില്‍പ്പെടാതെയുണ്ടെന്നും സമരസമതി പറഞ്ഞു.