കതിരൂര്‍ മനോജ് വധക്കേസ് : ഒന്നാം പ്രതി അടക്കം 15 പേര്‍ക്ക് ജാമ്യം; ‘കണ്ണൂരില്‍ പ്രവേശിക്കരുത്’

0 624

കതിരൂര്‍ മനോജ് വധക്കേസ് : ഒന്നാം പ്രതി അടക്കം 15 പേര്‍ക്ക് ജാമ്യം; ‘കണ്ണൂരില്‍ പ്രവേശിക്കരുത്’

 

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധകേസില്‍ ഒന്നാം പ്രതി വിക്രമന്‍ അടക്കം 15 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ 25 ാം പ്രതിയായ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കേസില്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മുഖ്യ ആസൂത്രകന്‍ പി ജയരാജനാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍

യുഎപിഎ വകുപ്പ് അടക്കം ചുമത്തി സിബിഐ ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ പി ജയരാജന്‍ സമര്‍പ്പിച്ച ഹരജി നേരത്തെ തള്ളിയിരുന്നു.

ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആണ് കതിരൂര്‍ മനോജ് വധം. 2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്.

40 വയസ്സായിരുന്നു മനോജിന്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മനോജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.