കാട്ടാനയുടെ മുന്നില്‍ചാടി മകന്‍ അമ്മയെ രക്ഷിച്ചു

0 407

 

പമ്ബാവാലി: ശബരിമല വനാതിര്‍ത്തിയിലെ ജനവാസമേഖലയായ എഴുകുമണ്‍ വനംവകുപ്പ് ഓഫീസിന് സമീപം അഴുതയാറ്റില്‍ കുളിക്കാനും തുണി നനയ്ക്കാനും ഓട്ടോറിക്ഷയിലെത്തിയ അമ്മയും മകനും കാട്ടാനയുടെ മുന്‍പില്‍പ്പെട്ടു. ഓട്ടോറിക്ഷയ്ക്കു നേരേ ആന പാഞ്ഞുചെല്ലുകയായിരുന്നു. അമ്മയെ രക്ഷിക്കാന്‍ മകന്‍ വെള്ളത്തോര്‍ത്തുമായി ആനയ്ക്ക് മുന്‍പിലൂടെ ഓടി. ആന ഇദ്ദേഹത്തിന് പിന്നാലെ ഓടിയപ്പോള്‍ അമ്മയ്ക്ക് രക്ഷപ്പെടാനായി.

ഞായറാഴ്ച രാവിലെയാണ് സംഭവം. മൂക്കംപെട്ടി ജങ്ഷനില്‍ ഓട്ടോറിക്ഷാ ഓടിക്കുന്ന എഴുകുംമണ്‍ പൊടിപ്പാറയില്‍ മനോജ് (35), അമ്മ ഓമന (60) എന്നിവരാണ് രക്ഷപ്പെട്ടത്.

വളകുഴി കടവിലേക്കിറങ്ങാന്‍ റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയപ്പോഴാണ് ആന എത്തിയത്. പേടിച്ചരണ്ട ഓമനയ്ക്ക് ഓട്ടോറിക്ഷയില്‍നിന്ന്‌ ഇറങ്ങാനായില്ല. പ്രായത്തിന്റെ അവശതകളും ഉണ്ടായിരുന്നു. അമ്മയെ രക്ഷിക്കാന്‍ മനോജ്, കൈയിലുണ്ടായിരുന്ന തോര്‍ത്തുമായി ഓട്ടോയില്‍ നിന്നിറങ്ങി ആനയുടെ മുന്നിലൂടെ ഓടി.

ഇതോടെ, മനോജിന് പിന്നാലെയായി ആനയുടെ ഓട്ടം. ഒരു കിലോമീറ്ററോളം ഓടി. ആന മാറിയതോടെ ഓമന ഓട്ടോറിക്ഷയില്‍നിന്ന് ഇറങ്ങിയോടി. എന്നാല്‍, തിരികെയെത്തിയ ആന ഓട്ടോറിക്ഷ കുത്തിമറിച്ചു.

എഴുകുമണ്ണിലെത്തിയിട്ട് 40 വര്‍ഷമായെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്ന് ഓമന പറഞ്ഞു. മകന്റെ ധൈര്യവും ദൈവത്തിന്റെ അനുഗ്രഹവുംമൂലമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും അവര്‍ പറഞ്ഞു.

നാട്ടുകാരും വനപാലകരും ചേര്‍ന്ന് ശബ്ദമുണ്ടാക്കി ആനയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നരമണിക്കൂറിന് ശേഷമാണ് അത് കാടിനുള്ളിലേക്ക് പോയത്. ആന രണ്ടുദിവസമായി അഴുതക്കടവിന്റെ പരിസരങ്ങളിലുണ്ട്.