കാട്ടിക്കുളം ചെക്ക് പോസ്റ്റിൽ നിന്ന് ആർ.ടി.ഒയുടെ മർദ്ദനമേറ്റ ലോറി ഡ്രൈവറെ കഴുത്തിന് പരിക്കേറ്റ നിലയിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു

0 637

കാട്ടിക്കുളം ചെക്ക് പോസ്റ്റിൽ നിന്ന് ആർ.ടി.ഒയുടെ മർദ്ദനമേറ്റ ലോറി ഡ്രൈവറെ കഴുത്തിന് പരിക്കേറ്റ നിലയിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കൊളക്കാട് കിഴക്കേ മാവടിയിലെ നടുവത്താനിയിൽ മെൽബിനെയാണ് (25) വ്യാഴാഴ്ച രാത്രി 11 മണിയോടെ പേരാവൂർ താലൂക്കാസ്‌പത്രിയിൽ പ്രവേശിപ്പിച്ചത്.

മൈസൂരിൽ നിന്ന് പച്ചക്കറി ലോഡുമായി വ്യാഴാഴ്ച രാത്രി 7.30 ഓടെ എത്തിയ മെൽബിനെ ‘മാമൂല് ‘ നല്കാത്തതിൻ്റെ പേരിലണത്രെ ആർ.ടി.ഒ മർദ്ദിച്ചതെന്ന് മെൽബിൻ പറഞ്ഞു.

ചെക്ക് പോസ്റ്റിൽ വാഹനത്തിൻ്റെ രേഖകളുമായി ചെന്നപ്പോൾ രേഖകൾ വേണ്ട പൈസ തന്ന് പൊയ്ക്കോളൂ എന്ന് ആർ.ടി.ഒ ആവശ്യപ്പെട്ടെങ്കിലും മെൽബിൻ കൊടുത്തില്ല. ലോക് ഡൗൺ സാഹചര്യത്തിലും പട്ടിണി കിടക്കാതിരിക്കാനാണ് ജോലിക്ക് വന്നതെന്നും കയ്യിൽ കാശില്ലെന്നും പറഞ്ഞുവെങ്കിലും ആർ.ടി.ഒ വഴങ്ങിയില്ല എന്ന് മെൽബിൻ പറയുന്നു.

ഇതിനിടെ, ക്ഷുഭിതനായ ആർ.ടി.ഒ കൈ കൊണ്ട് മെൽബിൻ്റെ കഴുത്തിൽ വെട്ടുകയായിരുന്നുവത്രെ. പുറത്തിറങ്ങിയ മെൽബിൻ്റെ പുറകെയെത്തിയ ആർ.ടി.ഒ വീണ്ടും മർദ്ദിച്ചു.ഇതോടെ സമീപത്തെ പോലീസ് ഔട്ട് പോസ്റ്റിലേക്ക് ഓടി, അവിടെയുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടറോട് കാര്യങ്ങൾ പറഞ്ഞു. പിന്നാലെ, ആർ.ടി.ഒ എത്തി കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും മെൽബിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ,കാര്യങ്ങൾ മനസ്സിലാക്കിയ പോലീസ് മെൽബിനെ പോകാൻ അനുവദിച്ചു. രാത്രിയിൽ കഴുത്ത് വേദനയും കൊണ്ട് കേളകം എത്തിയപ്പോൾ അവശതയിലായി. ഡ്രൈവറായ സുഹൃത്തിനെ വിളിച്ച് പേരാവൂർ ആസ്പത്രിയിലെത്തി അഡ്മിറ്റാവുകയായിരുന്നു.

ലോക് ഡൗണായതിനാലും പച്ചക്കറി നാട്ടിലെത്തിക്കേണ്ട അവസ്ഥയിലായതിനാലുമാണ് കഴുത്ത് വേദന സഹിച്ചും കേളകം വരെ ലോറി ഓടിച്ചതെന്ന് മെൽബിൻ പറഞ്ഞു.

കാട്ടിക്കുളം ചെക്ക് പോസ്റ്റ് വഴി ചരക്കു വാഹനങ്ങൾക്ക് മാമൂല് നൽകാതെ പോവാൻ’ പറ്റാത്ത അവസ്ഥയാണ്.