നാടാകെ എതിരിടുന്ന കാട്ടുകൊമ്പന്‍, റേഷന്‍ കടകളിലെ പതിവുകാരന്‍, ആരാണീ അരിക്കൊമ്പന്‍?

0 666

ഇടുക്കി ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ ഇന്നലെ അസാധാരണമായ ഒരു ഹര്‍ത്താല്‍ നടന്നു. മൂന്നാര്‍ മേഖലയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതക്കുന്ന, അരിക്കൊമ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കാട്ടാനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ടാണ് കടകളടച്ചും ഗതാഗതം തടസ്സപ്പെടുത്തിയും ഹര്‍ത്താല്‍ നടന്നത്. കാട്ടാനയെ പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് എതിരായ ഹൈക്കോടതി വിധിയാണ്, വിചിത്രമായ ഈ ഹര്‍ത്താലിന് കാരണമായത്.

അരി കണ്ടാല്‍ മൊട! 

വെറുമൊരാനയല്ല, നാടിനെ വിറപ്പിക്കുന്ന കാട്ടുകൊമ്പനാണ് അരിക്കൊമ്പനെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനകളുടെ സ്ഥിരം ഭക്ഷണം ഉപേക്ഷിച്ച്, അരി ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നതിനാലാണ്, ഈ കാട്ടാനക്ക് അരിക്കൊമ്പന്‍ എന്ന പേരുവീണത്. അരി കിട്ടുന്ന ഇടങ്ങളാണ് അരിക്കൊമ്പന്റെ പ്രിയപ്പെട്ട ഇടങ്ങള്‍. അതിനാലാണ്, മേഖലയിലെ റേഷന്‍ കടകളില്‍ ഇടയ്ക്കിടെ ആന എത്തുന്നത്.  ആന്റണി പി എല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പന്നിയാറിലെ ഒരൊറ്റ റേഷന്‍ കടയില്‍ മാത്രം ഈ ആന എത്തിയത് പത്തിലേറെ തവണയാണ്. ചുമ്മാ വന്നു പോവുകയല്ല, അടിമുടി ഇളക്കിമറിച്ച്, കണ്ണില്‍ കണ്ടതെല്ലാം അടിച്ചോണ്ടുപോവുകയാണ് ഈ കൊമ്പനെന്നാണ് കടയുടമ പറയുന്നത്.

ആന്റണിയുടെ റേഷന്‍ കട മാത്രമല്ല, നാട്ടിലെ പല റേഷന്‍ കടകളും ആനയുടെ ലക്ഷ്യസ്ഥാനങ്ങളാണ്. ആനയിറങ്കല്‍, പന്നിയാര്‍ എന്നിവിടങ്ങളിലെ റേഷന്‍ കടകള്‍ പല തവണയാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. അരി തേടിയെത്തുന്ന ആന ഒപ്പം വീടും കെട്ടിടങ്ങളും കൂടി തകര്‍ക്കുന്നതായി വനംവകുപ്പ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. 2005 മുതല്‍ വീടും റേഷന്‍കടയും ഏലം സ്റ്റോറുമൊക്കെയായി 180 -ഓളം കെട്ടിടങ്ങളാണ് അരിക്കൊമ്പന്‍ തകര്‍ത്തതെന്നാണ് രേഖയിലുള്ളത്. ഇതില്‍ 23 എണ്ണം ഈ വര്‍ഷം തകര്‍ത്തതാണെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. ആക്രമണത്തില്‍ വീടുകളും മറ്റും തകര്‍ന്നു വീണ് 30 ഓളം പേര്‍ക്ക് പരിക്കേറ്റതായും വനംവകുപ്പ് തയ്യാറാക്കിയ കണക്കില്‍ പറയുന്നു.

തീര്‍ന്നില്ല, ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിക്കപ്പെട്ടതായി കോടതിയിലെത്തിയ രേഖ വ്യക്തമാക്കുന്നു. അക്ഷയ സെന്റര്‍ വഴി നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവരുടെ മാ്രതം കണക്കാണ് ഇതെന്നും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുമെന്നും വനംവകുപ്പ് പറയുന്നു. പല സ്ഥലത്തായി വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാത്തതിനാല്‍ അവ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വീട്ടു നമ്പരില്ലാത്ത കെട്ടിടങ്ങള്‍, ഷെഡുകള്‍, പട്ടയമില്ലാത്ത സ്ഥലത്ത് തകര്‍ക്കപ്പെട്ട വീടുകള്‍ എന്നിവയുടെ എണ്ണവും കാണിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

മയക്കുവെടിക്ക് പുല്ലുവില

2017-ലാണ് ഈ കാട്ടാനക്കെതിരെ നിരന്തര പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, അതേ വര്‍ഷം അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു. അതിനുള്ള ശ്രമവും നടന്നു. എന്നാല്‍, മയങ്ങിവീഴാന്‍ അരിക്കൊമ്പനെ കിട്ടിയില്ല. അതു കാട്ടിലേക്ക് രക്ഷപ്പെട്ടു.  അതോടെ, വനംവകുപ്പ് ആ പണി മതിയാക്കി മടങ്ങി. എന്നാല്‍, കാട്ടാനയാവട്ടെ പണി തുടര്‍ന്നു. പരാതികള്‍ കൂടിവന്നു. 2018-ല്‍ അരിക്കൊമ്പനെ പിടിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പക്ഷേ, പ്രതികൂല കാലാവസ്ഥ അതിനു തടസ്സമായി. കഥ അവിടെ തീര്‍ന്നില്ല. ആന വീണ്ടും അരിയും തേടി നടത്തം തുടര്‍ന്നു. കാട്ടില്‍ ഭക്ഷണം കിട്ടാത്ത, സാഹചര്യം വര്‍ദ്ധിച്ചതോടെ്, അരിക്കൊമ്പന്റെ നാട്ടിലേക്കുള്ള വരവ് കൂടി. അതിന്റെ തുടര്‍ച്ചയായാണ്, ഈ വര്‍ഷം അരിക്കൊമ്പനെ തളയ്ക്കാനുള്ള മുറവിളികള്‍ ഉയര്‍ന്നതും വിഷയം കോടതിയില്‍ എത്തിയതും.