‘കയര്‍ സമര’ത്തില്‍ ഒപ്പം നില്‍ക്കാമെന്ന് കോണ്‍ഗ്രസ്; മുതലകണ്ണീരാണെന്ന് സിപിഐ

0 49

 

 

ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിനെതിരായ കയര്‍ സമരത്തില്‍ സിപിഐയ്ക്ക് കോണ്‍ഗ്രസിന്‍റെ പിന്തുണ. സിപിഐ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയെ വഴിയില്‍ തടയുന്നത് അടക്കം സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

കയര്‍ മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സിപിഐ, മന്ത്രി തോമസ് ഐസക്കിനെതിരെ പ്രക്ഷോഭത്തിലാണ്. നവമാധ്യമങ്ങളില്‍ ലൈക്ക് കൂട്ടല്‍ മാത്രമാണ് ഐസക്കിന്‍റെ ജോലിയെന്ന പരസ്യവിമര്‍ശനം പോലും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ഉയര്‍ത്തി. ഇതിനിടെയാണ് കയര്‍ സമരത്തില്‍ യോജിച്ച പ്രക്ഷോഭത്തിന് സിപിഐയെ കോണ്‍ഗ്രസ് ക്ഷണിച്ചിരിക്കുന്നത്.

പരമ്ബരാഗത കയര്‍ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ സ‍ര്‍ക്കാര്‍ പ്രത്യേക നയം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, രമേശ് ചെന്നിത്തലയുടേത് മുതലകണ്ണീരാണെന്ന് സിപിഐ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലമായ ഹരിപ്പാടും കയര്‍ തൊഴിലാളികള്‍ ദുരിതത്തിലാണ്. ഈ പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ പോലും തയാറാകാത്ത പ്രതിപക്ഷ നേതാവിനൊപ്പം സിപിഐ ചേരില്ലെന്നും ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു.

കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതില്‍ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കിനെതിരെ പരസ്യപ്രതിഷേധവുമായാണ് സിപിഐ രംഗത്ത് വന്നത്. ഫേസ്ബുക്കില്‍ ലൈക്ക് കൂട്ടുക അല്ലാതെ കയര്‍ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വിമര്‍ശിച്ചു. കയര്‍ തൊഴിലാളികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സിപിഐയുടെ ആവശ്യം.

പ്രതിസന്ധിയുടെ നടുവിലാണ് കയര്‍ മേഖല. ഫാക്ടറികള്‍ ഓരോന്നായി അടച്ചുപൂട്ടുകയാണ്. മിനിമം കൂലി പോലും നല്‍കുന്നില്ല. കയര്‍ മേഖലയെ തകര്‍ക്കുന്ന നടപടികളുമായി മന്ത്രി തോമസ് ഐസക് മുന്നോട്ട് പോവുകയാണ്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം പോലും നടപ്പാക്കാന്‍ കയര്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.