കേന്ദ്ര-സംസ്ഥാന പകൽ കൊള്ള അവസാനിപ്പിക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത

0 553

കേന്ദ്ര-സംസ്ഥാന പകൽ കൊള്ള അവസാനിപ്പിക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത

രാജ്യാന്തര മാർക്കറ്റിൽ ക്രൂഡോയിൽ വില ഗണ്യമായി താഴ്ന്നിരിക്കുന്ന പശ്ചാത്തലത്തിലും, ഈ കോവിഡ് കാലത്തു ജനങ്ങൾ തങ്ങളുടെ നിത്യേനയുള്ള ആവശ്യങ്ങൾക്കുപോലും പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലും ദിനംപ്രതി ഇന്ധന വില വർധിപ്പിക്കുന്ന നടപടിയും വൈദ്യുതി നിരക്കിന്റെ അന്യായമായ വർദ്ധനവും ഒരിക്കലും ന്യായീകരിക്കാനാവില്ല എന്ന് കെസിവൈഎം മാനന്തവാടി രൂപത.

രാജ്യാന്തര വിപണിയിൽ എണ്ണവില കൂടിയെന്ന പേരിൽ ഈമാസം ഏഴു മുതലാണ് വില കൂടിയത്. സ്വകാര്യ കുത്തകകളും ഇതിലൂടെ കൊള്ളലാഭം കൊയ്യുന്നു.ക്രൂഡോയിലിന് വില കുറയുമ്പോൾ മറുഭാഗത്ത് വില വർധിപ്പിക്കുന്നത് വിരോധാഭാസമാണ്. ക്രൂഡോയിലിന്റെ വില കുറഞ്ഞതനുസരിച്ചു ഇന്ധന വില കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും വർധിപ്പിച്ച എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതിനൊപ്പം, കേരളത്തിൽ അമിത എലെക്ട്രിസിറ്റി ബിൽ ഈടാക്കുന്ന കേരള സർക്കാരിന്റെ അന്യായ കൊള്ള അവസാനിപ്പിക്കാൻ തയ്യാറാകാത്തത് ജനത്തോടുള്ള വെല്ലുവിളിയാണെന്നും രൂപത സമിതി ചൂണ്ടിക്കാട്ടി .
നിലവിലത്തെ ദുരിത സാഹചര്യത്തിൽ വൈദ്യുത ബില്ലിൽ ഇളവ് ചെയ്തു കൊടുക്കേണ്ട സംസ്ഥാന സർക്കാർ അമിതമായ നിരക്കിലൂടെ സാധാരണ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നു.
ജനങ്ങളുടെ അവസ്ഥ അറിഞ്ഞു അവരെ സഹായിക്കുന്ന അവരോടൊപ്പമായിരിക്കുന്ന തരത്തിലുള്ള നടപടികൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മുന്നോട്ടു കൊണ്ടുവരണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത രൂപത പ്രസിഡന്റ്‌ ശ്രീ ബിബിൻ ചെമ്പക്കര ആവശ്യപ്പെട്ടു. രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറയ്ക്കത്തോട്ടത്തിൽ, ആനിമേറ്റർ സി. സാലി CMC, റ്റെസിൻ വയലിൽ റോസ്മേരി തേറുകാട്ടിൽ, മേബിൾ പുള്ളോലിക്കൽ, ജിയോ മച്ചുകുഴി, റ്റിബിൻ പാറക്കൽ, ഡെറിൻ കൊട്ടാരത്തിൽ, സി. ഡാനി എസ് എച്ച് എന്നിവർ പങ്കെടുത്തു.