കേളകം: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ ഭവനരഹിത ഗുണഭോക്താക്കൾക്ക് ഒന്നാം ഗഡുവിതരണം ചെയ്തു. കേളകം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് തുക കൈമാറി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷത വഹിച്ചു. ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് 4ലക്ഷം രൂപയും എസ്.ടി വിഭാഗത്തിൽപെട്ട 6ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്.
കേളകം പഞ്ചായത്തിലെ 194 ലേറെ ആളുകളിൽ നിന്നും അർഹരായ 70 ആളുകൾക്കാണ് പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുക. ഒന്നാം ഘട്ടത്തിൽ എഗ്രിമെന്റ് വെച്ച 70 പേരിൽ നിന്നും 33 പേർക്കാണ് ചടങ്ങിൽ ആദ്യ ഗഡു നൽകിയത്. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ സജീവൻ പാലുമ്മി ടോമി പുളിക്കകണ്ടം, ലീലാമ്മ അടപ്പൂർ, ഷിജി സുരേന്ദ്രൻ, ഷാൻ്റി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.