കൊറോണക്കാലത്ത്  വീട് തന്നെ ക്ലാസ് മുറിയാക്കി കേളകം സെൻ്റ് തോമസ് സ്കൂൾ

0 1,204

കൊറോണക്കാലത്ത്  വീട് തന്നെ ക്ലാസ് മുറിയാക്കി കേളകം സെൻ്റ് തോമസ് സ്കൂൾ. ലോക് ഡൗൺ മൂലം സ്കൂൾ തുറക്കുന്നത് ഇനിയും നീണ്ടുപോയേക്കാം. ഈ സാഹചര്യത്തിലാണ് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകര്‍  ഓണ്‍ലൈന്‍ ക്ളാസിനെക്കുറിച്ച് ആലോചിക്കുന്നതും നടപ്പാക്കിയതും.

 

അടുത്ത അധ്യയനവര്‍ഷത്തെ 9, 10 ക്ളാസുകളിലെ കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ളാസ് ആരംഭിച്ചിരിക്കുന്നത്. എട്ടാം ക്ളാസിലേക്ക് അഡ്മിഷന്‍ എടുക്കുന്ന കുട്ടികള്‍ക്കുള്ള ക്ളാസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകര്‍.  ഏപ്രില്‍ 20 ന്  തന്നെ ക്ലാസുകൾ ആരംഭിച്ചു. ഒരു ദിവസം ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. രാവിലെ 10 മണി മുതല്‍ പിറ്റേന്ന് രാവിലെ 10 മണി വരെയാണ് സമയം. 11 ക്ളാസുകളെ 11 വാട്സാപ്പ് ഗ്രൂപ്പുകളായി മാറ്റി, 9 ലും 10 ലും ഓരോ സബ്ജക്ട് ടീച്ചേഴ്സ് ക്ളാസ് നയിക്കുന്നു. ആമുഖം, പാഠപരിചയം, പാഠാവതരണം, പാഠവിശകലനം,  പഠനപ്രവര്‍ത്തനങ്ങള്‍, ചോദ്യോത്തരങ്ങള്‍, സംശയനിവാരണം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ക്ലാസിൽ ഉണ്ടാകും. ക്ളാസിനിടയില്‍ സബ്ജക്ട് ടീച്ചറും ക്ളാസ് ടീച്ചറും ഇടപെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കാര്യങ്ങള്‍ മനസിലാക്കുന്നതിനും ഉത്തരങ്ങള്‍ തയ്യാറാക്കുന്നതിനും രക്ഷിതാക്കളുടെയും വീട്ടിലുള്ള മുതിര്‍ന്നവരുടേയും പിന്തുണയുമുണ്ട്.

 

ഓണ്‍ലൈന്‍ ക്ളാസ് മുൻപോട്ട് പോകുമ്പോൾ കുട്ടികള്‍ ആവേശത്തിലാണ്. ഉറങ്ങിയും ടി വി കണ്ടും മൊബൈല്‍ ഗെയ്മും മറ്റുമായി സമയം കളഞ്ഞിരുന്ന മക്കള്‍  ഇപ്പോള്‍ പഠനത്തിലും കഥയെഴുത്തിലും ചിത്രരചനയിലുമൊക്കെ  മുഴുകിയിരിക്കുന്നത് കാണുമ്പോള്‍ രക്ഷിതാക്കൾക്ക് വലിയ സന്തോഷമാണ്. കുട്ടികളുടെ താല്‍പര്യവും പ്രതികരണവും കാണുമ്പോള്‍ അധ്യാപകര്‍ക്ക് അതിലേറെ സന്തോഷമാണ്. അവധിക്കാലം വെറുതെ കളഞ്ഞില്ല എന്ന തോന്നല്‍, അതിലുപരി  കുട്ടികളെല്ലാം കൂടെയുള്ള അനുഭവം.

 

കുട്ടികള്‍ക്കിത് ആദ്യാനുഭവമാണ്, അധ്യാപകര്‍ക്കും. പ്രധാനാധ്യാപകന്‍ എം വി മാത്യുവാണ്  കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാനേജ്മെന്‍റും പിടിഎ യും കൂടെയുണ്ട്. എട്ടാം ക്ളാസിലേക്ക് പ്രവേശനം നേടാനുള്ള കുട്ടികള്‍ക്കും ഉടന്‍തന്നെ ഓണ്‍ലൈന്‍ ക്ളാസ് ആരംഭിക്കുന്നതാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി അവധിക്കാലം നീണ്ടുപോകുകയും ലോക്ഡൗണ്‍ തുടരുകയും ചെയ്താല്‍ ഓണ്‍ലൈന്‍ ക്ളാസും തുടരാനാണ് അധ്യാപകരുടെ തീരുമാനം.