ബളാൽ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കള്ളക്കേസ് ഉണ്ടാക്കിയ പോലീസ് നടപടി പ്രതിഷേധാർഹം;കേരള കോൺഗ്രസ് ജേക്കബ് ബളാൽ മണ്ഡലം കമ്മറ്റി
ബളാൽ പഞ്ചായത്ത് പ്രസിഡണ്ടിനെ അപമാനിക്കാൻ ഉദ്യോഗസ്ഥരെ മുന്നിൽനിർത്തി സിപിഎം കളിക്കുന്ന നാടകം ഏറ്റവും തരംതാഴ്ന്നതെന്ന് കേരള കോൺഗ്രസ് ജേക്കബ് ബളാൽ മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് ജനകീയനായ ഒരു പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ജാമ്യമില്ലാവകുപ്പ് ചേർത്ത് കള്ളക്കേസ് ഉണ്ടാക്കിയ പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും ഒരു പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ഇത്തരത്തിൽ രാഷ്ട്രീയ സമ്മർദ്ദം ഉപയോഗിച്ച് കള്ളക്കേസ് ഉണ്ടാക്കിയാൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും യോഗം ആശങ്ക രേഖപ്പെടുത്തി. അധികാരമുപയോഗിച്ച് കള്ളക്കേസിൽപ്പെടുത്തി കട്ടക്കയം രാജുവിൻ്റെ ജനസ്വാധീനം തകർക്കാമെന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അത് മലർപ്പൊടി ക്കാരൻറെ സ്വപ്നം പോലെ ആയിരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡൻറ് ആൻ്റക്സ് കളരിക്കൽ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഗോപി പാഴിയാങ്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാത്യു നാരകത്തറ, നാഷണൽ അബ്ദുള്ള, സി.എസ് തോമസ്, യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ പ്രസിഡണ്ട് മനോജ് വലിയ പ്ലാക്കൽ, ജോയി കണ്ണീർവാടി, ജയേഷ് കൊന്നക്കാട്, ബൈജു രതീഷ് തുടങ്ങിയവർ സംസാരിച്ചു.