കേരള – കർണാടക അതിർത്തിയിൽ കർണ്ണാടകം അടച്ച എല്ലാ വഴികളും തുറക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കത്തയച്ചു
കേരള-കർണാടക അതിർത്തിയിൽ കർണ്ണാടകം അടച്ച എല്ലാ വഴികളും തുറക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കുന്നു. പാതകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകം നൽകുന്ന വിശദീകരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കോവിഡ് – 19 വ്യാപനം തടയുന്നതിനു ശക്തമായ നപടികൾ സ്വീകരിച്ച സംസ്ഥാനമാണ് കേരളം. രോഗവ്യാപനം തടയാനാണ് ഇത്രയധികം പേരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. അതിർത്തികൾ അടച്ചതോടെ അവശ്യവസ്തുക്കളുടെ ലഭ്യത കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. മംഗലാപുരത്തേക്ക് ആംബുലൻസ് കടക്കാൻ അനുവദിക്കാതിരുന്നതിൻ്റെ ഭാഗമായി തലപ്പാടിയിൽ ഒരു രോഗി മരിച്ച ദാരുണ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ആളുകളുടെ സഞ്ചാരത്തിനു വേണ്ടി അല്ല അതിർത്തി തുറക്കാൻ ആവശ്യപ്പെടുന്നത്. അടിയന്തര ആവശ്യങ്ങൾക്കും ചരക്കു ഗതാഗതത്തിനും തടസ്സം നേരിടാതിരിക്കാനാണ് ആവർത്തിച്ച് ഈ ആവശ്യം ഉന്നയിക്കുന്നത്. അതിനാവശ്യമായ നിർദേശങ്ങൾ എത്രയും പെട്ടെന്ന് കർണാടക സർക്കാരിനു നൽകണമെന്ന് ആവശ്യപ്പെട്ടു. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോൾ പ്രാദേശികവും വിഭാഗീയവുമായ താൽപര്യങ്ങൾ രാജ്യ താത്പ്പര്യങ്ങളെ ഹനിക്കാതിരിക്കാൻ ഇടപെടണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.