കേരളത്തിലേക്കുള്ള ഭക്ഷ്യധാന്യം ശേഖരിക്കാന്‍ പോയ ലോറികള്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങി

0 843

 

കോഴിക്കോട്: കേരളത്തിലേക്ക് അരിയടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കാന്‍ പോയ ലോറികള്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി. സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെയാണ് ചരക്കു ഗതാഗതം നിലച്ചത്. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ലോറി ഉടമകള്‍ ആവശ്യപ്പെട്ടു.

അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളുമെടുക്കാന്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോയ ലോറി ഡ്രൈവര്‍മാരാണ് പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്നത്. പലര്‍ക്കും തിരികെയെത്താനാവുന്നില്ല. ചിലരെയോക്കെ മഹാരാഷ്ട്രയിലും തെലങ്കാനയിലും ഐസലേഷനില്‍ വരെയാക്കി.

ഇങ്ങനെപോയാല്‍ എങ്ങനെ ഭക്ഷ്യാധാന്യം കേരളത്തിലെത്തിക്കുമെന്നാണ് ലോറിയുടമകള്‍ ചോദിക്കുന്നത്. നാലു ദിവസം മുമ്ബ് കോഴിക്കോട് നിന്നുപോയ 90 ശതമാന ലോറികള്‍ ചരക്കുമായി ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുകയാണെന്ന് ലോറിയുടമകള്‍ പറയുന്നു.

ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച്‌ കേരള സര്‍ക്കാര്‍ ചരക്കു ഗതാഗതത്തിന് സംവിധാനമൊരുക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. ലോറിയുടമകളുടെ വിവിധ സംഘടനകള്‍ നിലവില്‍ നേരിടുന്ന വെല്ലുവിളി മുഖ്യമന്ത്രിയെയടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്.