കേരള പ്രീമിയര്‍ ലീഗ്; നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളക്ക് അട്ടിമറി തോല്‍വി

0 963

ഇടവേളക്ക് ശേഷം പുനരാരംഭിച്ച കേരള പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളക്ക് അട്ടിമറി തോല്‍വി. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ഗോകുലം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബാസ്‌ക്കോ ഒതുക്കുങ്ങലിനോട് തോറ്റു. ബാസ്‌കോയ്ക്കായി 40ാം മിനിറ്റില്‍ നസറുദ്ദീനും, 45ാം മിനിറ്റില്‍ ടി.എം വിഷ്ണുവും ഗോള്‍ നേടി. നസറുദ്ദീനാണ് കളിയിലെ താരം.

ബാസ്‌കോയുടെയും സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കെഎസ്ഇബി ട്രാവന്‍കൂര്‍ എഫ്സിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇരട്ട ഗോളുകള്‍ നേടിയ വിഘ്നേശ് കളയിലെ താരമായി. ജിജോ ജോസഫ്, എല്‍ദോസ്.പി എന്നിവരാണ് കെഎസ്ഇബിക്കായി മറ്റു ഗോളുകള്‍ നേടിയത്. വിജയത്തോടെ കെഎസ്ഇബി ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.