വിദേശരാജ്യങ്ങളിൽ നിന്ന് നാട്ടിലെത്താൻ താൽപര്യമുള്ള പ്രവാസികൾക്കായി നോർക്ക ഏർപെടുത്തിയ രജിസ്ട്രേഷൻ രണ്ട് ലക്ഷം കടന്നതോടെ കേരളത്തിന് വെല്ലുവിളികളും വർധിക്കുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ രജിസ്േട്രഷൻ നടക്കാനും സാധ്യതയുണ്ട്. മൂന്ന് ലക്ഷം പേരെങ്കിലും മടങ്ങി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇവരെ നാട്ടിലെത്തിക്കണമെങ്കിൽ കുറഞ്ഞത് 1500ഓളം വിമാനസർവീസുകളെങ്കിലും നടത്തണം. സാമൂഹിക അകലം പാലിക്കുന്നതിെൻറ ഭാഗമായി ഒരു വിമാനത്തിൽ 200-300 യാത്രക്കാരെയാണ് നിലവിൽ യു.എ.ഇയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
അടിയന്തിര ആവശ്യങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന 25,000 പേരുണ്ടെങ്കിൽ അവർക്ക് മാത്രം 100 വിമാനങ്ങളെങ്കിലും വേണ്ടി വരും. ഒരുമിച്ച് നാട്ടിലേക്ക് പോകേണ്ട കുടുംബങ്ങൾക്കായി രജിസ്റ്റർ ചെയ്യാൻ പ്രത്യേക സൗകര്യം നോർക്കയുടെ വെബ്സൈറ്റിൽ ഏർപെടുത്തിയിട്ടില്ല. ഇതുമൂലം ചെറിയ കുഞ്ഞുങ്ങളുള്ളവർക്കും ഗർഭിണികൾക്കും കൈത്താങ്ങ് ആവശ്യമുള്ള രോഗികൾക്കും നാട്ടിൽ പോകാൻ പ്രയാസം നേരിട്ടേക്കും.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമെ വിമാനത്തിൽ കയറാൻ അനുവദിക്കൂ. ലക്ഷക്കണക്കിന് യാത്രക്കാർക്ക് കോവിഡ് പരിശോധന നടത്തി ഫലം കൃത്യസമയത്ത് നൽകുന്നതും വെല്ലുവിളിയാവും. യു.എ.ഇയിൽ നിന്ന് മാത്രം 50000ലേറെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അറിവ്.
നാട്ടിലെത്തുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് ക്വാറൻറീൻ ഒരുക്കുന്നതിലെ വെല്ലുവിളി വേറെയും. രജിസ്റ്റർ ചെയ്തവരിൽ ഭൂരിപക്ഷം പേരും വിട്ടിലെ ക്വാറൻറീനാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രജിസ്േട്രഷൻ തുടങ്ങിയത് മുതൽ പ്രവാസി നാടുകളിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നോർക്കയുടെ വെബ്സൈറ്റ് ലിങ്കുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് രജിസ്ട്രേഷൻ കുതിച്ചുയർന്നത്.
പ്രവാസി മടക്കം; കേരളത്തിന് വെല്ലുവിളികളേറെ