തിരുവനന്തപുരം; അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് നാളെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല വനിതകളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ഡ്യൂട്ടി വനിതകള്‍ക്ക് നല്‍കണം എന്നാണ് എല്ലാ ജില്ലാ പൊലീസ് മേധാവികളോടും ഡിജിപി നിര്‍ദേശിച്ചത്.
വനിതാ ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്ള സ്‌റ്റേഷനുകളില്‍ അവര്‍ ഈ ദിവസം സ്‌റ്റേഷന്റെ ചുമതല വഹിക്കും. സ്‌റ്റേഷനുകളില്‍ ഒന്നിലധികം വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപത്തെ മറ്റു സ്‌റ്റേഷനുകളില്‍ ലഭ്യമാക്കും. വനിതാ ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നിയന്ത്രണത്തില്‍ അവര്‍ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും.
അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഖ്യമന്ത്രിയുടെ അകമ്ബടിവാഹനത്തില്‍ വനിതാ കമാന്‍ഡോകള്‍ ആയിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം വനിതാ കമാന്‍ഡോമാരെയും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പോലീസ് ഗാര്‍ഡുകളെയും നിയോഗിക്കും. ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടികള്‍.