കേരളത്തിന്റെ ആരോഗ്യ രംഗത്ത് പ്രകടമായ മാറ്റം കൈവന്നു: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

0 115

കേരളത്തിന്റെ ആരോഗ്യ രംഗത്ത് പ്രകടമായ മാറ്റം കൈവന്നു: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍വ്വതല സ്പര്‍ശിയായാണ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ ഇടപെടുന്നത്. സാധാരണക്കാരായ ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളാണ് നടപ്പാക്കി വരുന്നത്.
സൗജന്യമായും മിതമായ നിരക്കിലും ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. രോഗം പിടിപെട്ടാല്‍ നൂതന ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാണെങ്കിലും രോഗം വരാതിരിക്കാനുള്ള പ്രതിരോധം നേടിയെടുക്കുകയാണ് പ്രധാനം. ജീവിതശൈലി രോഗങ്ങള്‍ നേരിടുന്നതിനുള്ള പ്രതിരോധശേഷി ഉണ്ടാക്കുന്നതിന് നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. കൊവിഡ് 19 ലോകത്തെ പിടിച്ചു കുലുക്കിയിട്ടും കേരളത്തില്‍ കുറഞ്ഞ കൊവിഡ് ബാധിതരും കുറഞ്ഞ മരണനിരക്കും ഉണ്ടായത് ആരോഗ്യപ്രവര്‍ത്തകരുടെ ജാഗ്രതയോടെയുള്ള  പ്രവര്‍ത്തന ഫലമാണെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. കിഫ്ബിയില്‍ നിന്നും 52 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍, വൈസ് പ്രസിഡണ്ട് പ്രീത ദിനേശ്, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലന്‍, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ മോഹനന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍, പേരാവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.