“ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത്”; കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ പി.ടി തോമസിനെ വിമർശിച്ച് എ.എ റഹീം
“ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത്”; കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ പി.ടി തോമസിനെ വിമർശിച്ച് എ.എ റഹീം
ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിനിടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസിന് പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സ്ഥലത്ത് കോണ്‍ഗ്രസ് എം.എല്‍.എ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകൾക്ക് പിന്നാലെയാണ് പി.ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കള്ളപ്പണം പിടികൂടുമ്പോള്‍ പി.ടി തോമസ് സ്ഥലത്തുണ്ടായിരുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റഹീമിന്റെ പ്രസ്താവന.ഇന്നലെയാണ് ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ നിന്ന് കള്ളപ്പണം കണ്ടെത്തുന്നത്. 88 ലക്ഷം രൂപയോളമാണ് കള്ളപ്പണമായി പിടികൂടിയത്.
റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ്സ് എം.എൽ.എ ഓടി രക്ഷപ്പെട്ടതായാണ് മനസിലാക്കുന്നതെന്നും റഹീം ഫെസ്ബുക്കിൽ കുറിച്ചു. അപമാനകരമാണ് ഈ സംഭവമെന്നും എം എൽ എ സ്ഥാനത്തു തുടരാൻ പി.ടി തോമസിന് അവകാശമില്ലെന്നും റഹീം വിമർശിച്ചു.
എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ്സ് എംഎൽഎ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത.
താൻ ഓടിയില്ലെന്നും എന്നാൽ കള്ളപ്പണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും
ശ്രീ പി ടി തോമസ് എംഎൽഎ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും
എം എൽ എ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എംഎൽഎ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവൻ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.
കള്ളപ്പണ സംഘവുമായി എംഎൽഎ യ്ക്കുള്ള ബന്ധം എന്താണ്?
ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു?
പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?
സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളർച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വഷിക്കണം.
കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും
ഖദർ മാറ്റിവച്ചുപോകാൻ
കെപിസിസി, തങ്ങളുടെ നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണം.
ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത്
ശ്രീ പി ടി തോമസിനെ ഉപദേശിക്കാൻ അഭിമാന ബോധമുള്ള കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറാകണം.