സുരക്ഷയൊരുക്കാന്‍ ശ്രമിച്ച പൊലീസുകാരെ കെ.കെ രാഗേഷ് തടഞ്ഞു: ഗവര്‍ണര്‍

0 673

തിരുവനന്തപുരം:ചരിത്ര കോണ്‍ഗ്രസില്‍  തനിക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായത് പൊലീസിന്‍റെ സാന്നിധ്യത്തിലാണ്. പൊലീസാണ് കയ്യേറ്റമുണ്ടായപ്പോള്‍ എന്നെ രക്ഷിച്ചത്. പൊലീസിനെ ‍ തടയുന്നത് ദൃശ്യങ്ങളിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ആളാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.ഗവർണറുടെ പരിപാടിക്ക് മുന്‍കൂർ അനുമതി ആവശ്യമാണ്. ലിസ്റ്റ് പ്രകാരം ഇര്‍ഫാന്‍ ഹബീബിന് മൂന്ന് മിനിറ്റേ സംസാരിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. അര മണിക്കൂറിലധികം ഇര്‍ഫാന്‍ ഹബീബ് സംസാരിച്ചുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കുന്നതിൽ നിന്നും അന്ന് എം.പിയായിരുന്ന കെ.കെ രാഗേഷ് പൊലീസിനെ തടഞ്ഞുവെന്ന് ഗവർണർ ആരോപിച്ചു. വേദിയിൽ ഇരുന്ന രഗേഷ് താഴെ ഇറങ്ങിയാണ് പൊലീസിനെ തടഞ്ഞത്. അതിന്‍റെ പ്രതിഫലമാകാം ഇപ്പോഴത്തെ രാഗേഷിന്‍റെ സ്ഥാനം. പ്രതിഷേധക്കാരോട് രാഗേഷ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു ഗവർണറുടെ ആരോപണം.

കേരളത്തിലുള്ള വിദ്യാർഥികള്‍ മാത്രമല്ല പ്രതിഷേധിച്ചത്. ജെ.എന്‍.യു ,ജാമിഅ,അലിഗഢ് യൂണിവേഴ്സിറ്റി വിദ്യാർഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. കേരളത്തിലെ സർവകലാശാലകളില്‍ എത്ര വിദ്യാർഥികളുടെ ജീവിതം നഷ്ടമായി? ചില പ്രത്യയശാസ്ത്രങ്ങള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനാലാണിത്. ഈ പ്രത്യയശാസ്ത്രത്തിന്‍റെ വക്താവാണ് ഇര്‍ഫാന്‍ ഹബീബ്. ആരെങ്കിലും കോടതിയില്‍ പോയാല്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലായെന്ന് പൊലീസ് വിശദീകരിക്കേണ്ടിവരുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കണ്ണൂർ ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തില്‍ താന്‍ പരാതി കൊടുക്കില്ലെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ട് ആ സംഭവത്തില്‍ പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചില്ലായെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം ഗവർണറുടെ അധികാരം കുറയ്ക്കാന്‍ സർക്കാർ ശ്രമിക്കുന്നുവെന്ന് വാർത്തകള്‍ വരുന്നു യുണിവേഴ്സിറ്റികളിലെ സ്വജനപക്ഷപാതം ചൂണ്ടിക്കാണിച്ചതിന് ശേഷമാണ് ഇതെന്നും ഗവർണർ ആരോപിച്ചു.

ചാന്‍സലര്‍ സ്ഥാനം വേണ്ടെന്ന് നേരത്തേ പറഞ്ഞതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ചാന്‍സലറാകാന്‍ താത്പര്യമില്ലെന്ന് കാണിച്ച് ഡിസംബർ എട്ടിന് മുഖ്യമന്ത്രിക്ക് ആദ്യകത്ത് കത്തയച്ചു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി തന്നോട് കണ്ണൂർ യൂണിവേഴ്സിറ്റി വി.സിയുടെ പുനർ നിയമനത്തെപ്പറ്റി സംസാരിച്ചു. മുഖ്യമന്ത്രിയുടെ അഭിപ്രായം മാനിച്ചു, കണ്ണൂർ വിസിയുടെ പുനർനിയമനം അംഗീകരിച്ചു. നിയമോപദേശം ചോദിക്കാതെ തന്നെ എജി നിയമനത്തിന് അനുകൂലമായ നോട്ട് രാജ്ഭവനിലെത്തിച്ചു. കണ്ണൂർ വിസിയുടെ പുനർനിയമത്തിനായി മുഖ്യമന്ത്രി സമ്മർദം ചെലുത്തി. ആ സാഹചര്യത്തിലാണ് ചാന്‍സലർ സ്ഥാനം വേണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്കൃത യൂണിവേഴ്സിറ്റി വിസിയുടെ കാര്യത്തിലും മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരളത്തിന് എതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ പ്രതികരണം ആരായുമ്പോള്‍ നല്‍കാറുണ്ട്. മണിക്കൂറുകള്‍ എന്നെ കാത്തുനില്‍ക്കുന്നവരോട് സംസാരിക്കുന്നു. ‘കടക്കൂ പുറത്ത്’ എന്ന് മാധ്യപ്രവർത്തരോട് പറഞ്ഞയാളാണ് മുഖ്യമന്ത്രി നിങ്ങള്‍ ഇതൊക്കെ എങ്ങനെ സഹിക്കുന്നുവെന്നും മാധ്യമപ്രവർത്തരോട് ഗവർണർ ചോദിച്ചു.

അക്രമത്തിന്‍റെ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടെ പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയെന്ന് ഗവർണർ പറഞ്ഞു. ഒരു മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചു പുറത്തായി. മുൻ മന്ത്രി ഇന്ത്യയുടെ ഭൂമി ശാസ്ത്രത്തെ ചോദ്യം ചെയ്തത് പാകിസ്താന്‍റെ ഭാഷയിലാണ്. മുന്നണി കൺവീനറെ വിമാനത്തിൽ വിലക്കി. നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേയെന്നും ഗവർണർ ചോദിച്ചു.

Get real time updates directly on you device, subscribe now.