സന്ദീപിന്റെ വീട് ഇന്ന് കോടിയേരി ബാലകൃഷ്ണൻ സന്ദർശിക്കും; കണ്ണീരൊഴിയാതെ കുടുംബവും നാടും

0 1,127

സന്ദീപിന്റെ വീട് ഇന്ന് കോടിയേരി ബാലകൃഷ്ണൻ സന്ദർശിക്കും; കണ്ണീരൊഴിയാതെ കുടുംബവും നാടും

 

തിരുവല്ല: സിപിഎം (CpiM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) ഇന്ന് കൊല്ലപ്പെട്ട പാർട്ടി പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ Sandeep kumar) വീട് സന്ദർശിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്ഥാന സെക്രട്ടറി ചാത്തങ്കരിയിലെ വീട്ടിലെത്തുക. സന്ദീപിന്റെ കൊലപാതകം വ്യക്തിവൈരാഗ്യമാണെന്ന  പൊലീസ് നിഗമനത്തെ അതിരൂക്ഷമായാണ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വിമർശിച്ചത്. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.

അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉണ്ടായിരുന്നെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

സന്ദീപിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് എഫ്ഐആറിലുള്ളത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. നെ‌ഞ്ചിൽ ഒമ്പത് വെട്ടേറ്റ സന്ദീപ് ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു.