ടീമില്‍ ഇടം നേടാന്‍ കൈക്കൂലി ആവശ്യപ്പെട്ടു; അച്ഛന്‍ വിസമ്മതിച്ചു; ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് കോഹ്ലി

0 1,395

ടീമില്‍ ഇടം നേടാന്‍ കൈക്കൂലി ആവശ്യപ്പെട്ടു; അച്ഛന്‍ വിസമ്മതിച്ചു; ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് കോഹ്ലി

 

കരിയറിന്റെ ആദ്യകാലങ്ങളില്‍ നേരിട്ട ദുരനഭുവങ്ങള്‍ തുറന്നു പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഫുട്ബോള്‍ താരം സുനില്‍ ഛേത്രിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്.

 

തന്റെ ജീവിതത്തില്‍ പിതാവിനുള്ള സ്ഥാനവും അദ്ദേഹം കാണിച്ചു തന്ന മാതൃകകളുമാണ് ഇന്നും പിന്തുടരുന്നതെന്നും കോഹ്ലി പറയുന്നു. ടീമില്‍ ഇടം നേടാന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ കുറിച്ചും അതിന് പിതാവിന്റെ മറുപടിയുമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്.

 

“എന്റെ നാടായ ഡല്‍ഹിയില്‍ പലപ്പോഴും കാര്യങ്ങള്‍ അത്ര നല്ല രീതിയിലല്ല നടക്കുന്നത്.” എന്നാണ് കോഹ്ലിയുടെ വാക്കുകള്‍. ടീമില്‍ ഇടം നേടാന്‍ അസോസിയേഷനിലെ ഒരാള്‍ തന്റെ അച്ഛനോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അച്ഛന്‍ ആ ആവശ്യം തള്ളി. സ്വന്തം കഴിവു കൊണ്ട് വിജയിച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും താരം പറയുന്നു.

 

“ടീമില്‍ ഇടം നേടാന്‍ ഞാന്‍ യോഗ്യനായിരുന്നിട്ടും അയാള്‍ അച്ഛനോട് കൈക്കൂലി ആവശ്യപ്പെട്ടു. സെലക്ഷന്‍ ഉറപ്പിക്കാന്‍ അല്‍പ്പം കൂടി വേണമെന്നായിരുന്നു ആവശ്യം. ഇടത്തരം കുടുംബത്തിലെ സത്യസന്ധനായ മനുഷ്യനായിരുന്നു എന്റെ അച്ഛന്‍. അദ്ദേഹം മികച്ച അഭിഭാഷകനാകാന്‍ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്ത മനുഷ്യനാണ്. അദ്ദേഹം എന്നോട് പറഞ്ഞത് അര്‍ഹതയിലൂടെ മാത്രം അവസരം ലഭിച്ചാല്‍ മതിയെന്നാണ്. അവസരത്തിന് വേണ്ടി കൂടുതലായി ഒന്നും നല്‍കില്ല എന്നും അദ്ദേഹം പറഞ്ഞു.”എനിക്ക് സെലക്ഷന്‍ ലഭിച്ചില്ല. അന്ന് ഞാന്‍ ഒരുപാട് കരഞ്ഞു. പക്ഷേ, അത് എനിക്കൊരു പാഠമായിരുന്നു. വിജയിക്കണമെങ്കില്‍ ഞാന്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു”- കോഹ്ലിയുടെ വാക്കുകള്‍.

 

തന്റെ നേട്ടങ്ങളെല്ലാം സ്വന്തം കഠിനാധ്വാനത്തിലൂടെയാണെന്നും താരം ആത്മവിശ്വാസത്തോടെ പറയുന്നു. തന്റെ അച്ഛന്‍ പഠിപ്പിച്ചു തന്നത് ഇതാണ്. പിതാവിനെ കുറിച്ച്‌ കോഹ്ലിയുടെ വാക്കുകള്‍.