കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആസ്പത്രി മള്‍ട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി.
64 കോടിയോളം രൂപ ചെലവിട്ടാണ് ഒന്‍പതുനില കെട്ടിടം നിര്‍മിക്കുന്നത്. ആരോഗ്യ മന്ത്രിയും സ്ഥലം എം.എല്‍.എ.യുമായ കെ.കെ.ശൈലജ മുന്‍കൈയെടുത്താണ് കൂത്തുപറമ്ബ് താലൂക്ക് ആസ്പത്രിയെ മള്‍ട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി തയ്യാറാക്കിയത്.
മരുന്നുകള്‍ സൂക്ഷിക്കുന്ന കെട്ടിടം, മോര്‍ച്ചറി, ഫിസിയോ തെറാപ്പി സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ എന്നിവ പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ അടിത്തറ നിര്‍മിക്കുന്നതിന് മുന്നോടിയായുള്ള പ്രവൃത്തിയാണ് കഴിഞ്ഞദിവസം ആരംഭിച്ചത്.
നബാര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതം ഉള്‍പ്പെടെ 64 കോടിയോളം രൂപ ചെലവിട്ട് പഴയ കാഷ്വാലിറ്റി കെട്ടിടത്തെക്കൂടി കൂട്ടിയോജിപ്പിച്ചാണ് ഒന്‍പതുനില കെട്ടിടം നിര്‍മിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മാണം നടത്തുക. ബേസ്മെന്റിന് താഴെ രണ്ട് നിലകള്‍ ഉള്‍പ്പെടെ അഞ്ച് നിലകള്‍ ഒന്നാംഘട്ടത്തിലും തുടര്‍ന്നുള്ള നിലകള്‍ രണ്ടാംഘട്ടത്തിലുമാണ് നിര്‍മിക്കുക.
പാര്‍ക്കിങ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മോര്‍ച്ചറി, ഡ്രഗ് സ്റ്റോര്‍, ഇലക്ട്രിക്കല്‍ റൂം, അത്യാഹിത വിഭാഗം, ഒ.പി.വിഭാഗം, ഫാര്‍മസി, ലാബ്, എമര്‍ജന്‍സി ഓപ്പറേഷന് തീയേറ്ററോടുകൂടിയ ലേബര്‍ റൂം, വാര്‍ഡ് എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്.
ഒഫ്താല് ഓപ്പറേഷന് തീയേറ്റര്‍ കോംപ്ലക്സ്, സി.എസ്.എസ്.ഡി., ഒഫ്താല് പോസ്റ്റ് ഒ.പി., മെഡിസിന് ഐ.സി.യു., സര്‍ജറി ഐ.സി.യു., പോസ്റ്റ് ഒ.പി.വാര്‍ഡ്, പോസ്റ്റ് നേറ്റല്‍ വാര്‍ഡ്, പീഡിയാട്രിക് വാര്‍ഡ്, ഐസൊലേഷന്‍ വാര്‍ഡ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും സര്‍ജിക്കല്‍ വാര്‍ഡ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും മെഡിക്കല്‍ വാര്‍ഡ്, ലോന്‍ട്രി, സ്റ്റാഫ് സിക്ക് റൂം, ചേഞ്ചിങ് റൂം എന്നിവയാണ് മൂന്നാമത്തെനിലമുതല് ഒന്‍പതാമത്തെ നിലവരെ സജ്ജമാക്കുക. ഒന്നരവര്‍ഷത്തിനകം ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.